നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി പാലത്തിന്റെ നിർമാണം അനന്തമായി നീളുന്നു. കാസർകോട് വികസന പാക്കേജിൽ 2019- 2020 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുമ്പളപ്പള്ളി - ഉമിച്ചി പൊയിൽ റോഡിൽ കുമ്പളപ്പള്ളി ചാലിന് കുറുകെ പാലം നിർമിക്കുന്നത്. നാലുകോടി 99 ലക്ഷംരൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. 2020 സെപ്റ്റംബർ 19 നാണ് തറക്കല്ലിട്ടത്. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് ബന്ധപെട്ടവർ അറിയിച്ചിരുന്നത്.
എന്നാൽ, നാലുവർഷമായിട്ടും പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണി പൂർത്തിയായിട്ടില്ല. പാലം യാഥാർഥ്യമായാൽ ഉമിച്ചിപൊയിൽ, കാറളം തുടങ്ങിയ കോളനി നിവാസികൾക്കും കുമ്പളപ്പള്ളി, മുർഖൻ വള്ളി, കാട്ടിപ്പൊയിൽ തുടങ്ങി വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫിസ്, മൃഗാശുപത്രി, പോസ്റ്റ് ഓഫിസ്, കുടുംബശ്രീ സി.ഡി.എസ് തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.
പാലത്തിന്റെ പണി ആരംഭിച്ചതോടുകൂടി കുമ്പളപ്പള്ളി - മുർഖൻ വള്ളി റോഡ് ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്. പാലംപണി പൂർത്തിയായാൽ കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ യു.പി സ്കൂൾ, കരിമ്പിൽ ഹെസ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.