അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലെ കടമുറികൾ

അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്: കടമുറികൾ 107; ലേലംപോയത് മൂന്നെണ്ണം

കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലെ 107 കടമുറികളുടെ ലേലം നടന്നതിൽ ആകെ ലേലം കൊണ്ടത് മൂന്ന് കടമുറികൾ മാത്രം.ശേഷിക്കുന്ന 104 കടമുറികൾ ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ഇതോടെ കാഞ്ഞങ്ങാട് നഗരസഭ വീണ്ടും കടുത്ത പ്രതിസന്ധിയിലായി. 15 ലക്ഷം മുതൽ കടമുറികൾക്ക് നിശ്ചയിച്ചിരുന്ന നിക്ഷേപത്തുക ഗണ്യമായി വെട്ടിക്കുറച്ച് പകുതിയിൽ താഴെയാക്കിയിട്ടും മൂന്ന് മുറികളൊഴിച്ച് മറ്റ് മുറികളൊന്നും ആരും ലേലം കൊള്ളാനെത്താതിരുന്നതാണ് തിരിച്ചടിയായത്.

അഞ്ച് കോടിയിലേറെ രൂപ ഹഡ്‌കോയില്‍നിന്ന് വായ്പയെടുത്താണ് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർത്തിയാക്കിയത്. ഈ വകയിൽ ലക്ഷക്കണക്കിന് രൂപയാണ് പലിശയിനത്തിൽ നഗരസഭ തിരിച്ചടവ് നടത്തിവരുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും വരുമാനം തിരിച്ചു കിട്ടാത്തതിനാൽ മറ്റ് ഫണ്ടുകളിൽനിന്ന് വകമാറ്റി വായ്പ തിരിച്ചടവ് നടത്തിവരുകയാണ് നഗരസഭ. ഈ മാസം 13 വരെ മൂന്ന് ദിവസം ടെൻഡർ നടപടികളുണ്ടായെങ്കിലും താഴത്തെ നിലയിലുള്ള മൂന്ന് മുറികൾ മാത്രം ലേലം പോയത്.15000 രൂപ വീതം വാടകയും ഏഴ് ലക്ഷം മുതൽ ഏഴര ലക്ഷം രൂപ വരെ നിക്ഷേപത്തിലുമാണ് മുറികൾ പോയത്.

108 മുറികളാണ് ആകെയുള്ളത്. ഇതിൽ ഒരു മുറി മുകൾ നിലയിൽ നിന്നും സഹകരണ സ്ഥാപനം നേരത്തെ ഏറ്റെടുത്തിരുന്നു. കടമുറിയുടെ വാടക നിർണയവുമായി ബന്ധപ്പെട്ട നിയമഭേദഗതി സംബന്ധിച്ച് കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ നേരത്തെ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കോലാഹലം നടന്നിരുന്നു.

ബൈലോയിൽ ഭേദഗതി വരുത്താനുള്ള അവകാശം നഗരസഭ കൗൺസിലിന് നൽകണമെന്ന ആവശ്യം സർക്കാർ തള്ളിയെങ്കിലും സർക്കാർ അംഗീകാരത്തിന് വിധേയമായി നഗരസഭക്ക് ഭേദഗതികളോ കൂട്ടിച്ചേർക്കലുകളോ നടത്താമെന്നിരിക്കെ ലേല നടപടികളുമായി വീണ്ടും മുന്നോട്ടുപോകുമെന്ന് മുൻ ചെയർമാൻ വി.വി. രമേശന്റെ നിർദേശം അംഗീകരിച്ചായിരുന്നു പുതിയ ലേല നടപടികളുണ്ടായത്.

ഇതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും ലേല നടപടികളുമായി ഭരണപക്ഷം മുന്നോട്ടു പോവുകയായിരുന്നു. തറ നിരപ്പിലെ കടമുറികളുടെ നിക്ഷേപത്തുക 15 ലക്ഷത്തിൽ നിന്നും ഏഴു ലക്ഷമായും ഒന്നാം നിലയിലെ നിക്ഷേപ തുക പത്തുലക്ഷത്തിൽ നിന്നും അഞ്ചുലക്ഷമായും കുറച്ചായിരുന്നു ലേലം തുടങ്ങിയത്.

ബൈലോ ഭേദഗതി സർക്കാർ അംഗീകരിച്ചില്ലെങ്കിലും ലേല നടപടികളുമായി മുന്നോട്ടുപോകാമെന്നും ക്രമേണ സർക്കാറിൽ നിന്നും മാറ്റി വാങ്ങാമെന്ന് തീരുമാനിച്ച് റിസ്ക് എടുത്ത് ഭരണപക്ഷം നടപ്പിലാക്കിയ ലേല നടപടികളും ഫലം കാണാതെ പോയത് വലിയ തിരിച്ചടിയായി.മുകൾനിലയിലെ മുറികൾ സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങൾക്ക് നിക്ഷേപ തുക ഇല്ലാതെ വാടകക്ക് കൊടുക്കാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും മുകൾ നിലയിലെ മുറികളും ആരും ഏറ്റെടുത്തിട്ടില്ല.

Tags:    
News Summary - Alamipally New Bus Stand: Shops 107; Three were auctioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.