മുളിയാർ: ബാവിക്കര റെഗുലേറ്ററിന് സമാന്തരമായി ആലൂർ, മുണ്ടക്കൈയിൽ നിന്ന് മഹാലക്ഷ്മി പൂരം ക്ഷേത്രത്തെ ബന്ധിപ്പിച്ചുകൊണ്ട് രണ്ടുവരി പാലം നിർമിക്കണമെന്ന ആവശ്യവുമായി കർമസമിതി. ഈ പാലം യാഥാർഥ്യമായാൽ മുളിയാർ, കാറഡുക്ക, ദേലംപാടി, ചെമനാട് തുടങ്ങിയ നാലു പഞ്ചായത്തുകളിലെയും ആയിരക്കണക്കിന് ജനങ്ങൾക്ക് യാത്രാസൗകര്യം സുഖകരമാകും.
മടിക്കേരി ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്ക് ചെർക്കളയിലൂടെയുള്ള ചുറ്റിത്തിരിഞ്ഞ പാത ഒഴിവാക്കി നിർദിഷ്ട പാലത്തിലൂടെ ചട്ടഞ്ചാലിൽ ദേശീയപാത 66ൽ പ്രവേശിക്കാം.
വർഷങ്ങൾക്കുമുമ്പ് റെഗുലേറ്ററിന്റെ വർക്ക് പൂർത്തീകരണ സമയത്ത് പാലം നിർമാണത്തിന് വേണ്ടി സാധ്യതാപഠനം നടത്തിയിരുന്നു. എത്രയും പെട്ടെന്ന് ഈ പാലം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രദേശത്തുള്ള യുവജന സംഘടനകൾ ചേർന്ന് പാലം നിർമാണ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 10ന് മൈനർ ഇറിഗേഷന്റെ ഓഫിസിനു മുന്നിൽ ജനകീയ പ്രക്ഷോഭം നടത്തും. സമിതി ചെയർമാനായി എ.ടി. അബ്ദുല്ല ആലൂർ, കൺവീനറായി സുജിത്ത് മുണ്ടക്കൈ എന്നിവരെ തെരഞ്ഞെടുത്തു.
ഇസ്മായിൽ ആലൂർ, എ.ടി. ഖാദർ, ശിഹാബ് മീത്തൽ, ഷിജിത്ത് മളിക്കാൽ, അനിൽകുമാർ, എം.ആർ. രതീഷ് ചവരിക്കുളം, കൃഷ്ണൻ, പ്രഭാകരൻ, സുകുമാരൻ, ബാലകൃഷ്ണൻ, സതീശൻ, അബ്ദുല്ല അപ്പോളോ, ഗണേഷ് മൈകുഴി, സൂരജ്, അബ്ദുൽ ഖാദർ മീത്തൽ, നൂറുദ്ദീൻ, ശരീഫ് മുണ്ടക്കൈ തുടങ്ങി 17 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
ആലൂർ കൾച്ചറൽ ക്ലബിൽ നടന്ന യോഗത്തിൽ എ.ടി. കാദർ അധ്യക്ഷതവഹിച്ചു, എം.കെ. ഇസ്മായിൽ, ശാസ്താ മുണ്ടക്കൈ, ഷിജിത്ത് എന്നിവരും എ.സി.സി ആലൂർ, പയസ്വിനി മുണ്ടക്കൈ, പുനർജനി ആൽനടുക്കം തുടങ്ങിയ ക്ലബ് ഭാരവാഹികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.