നീലേശ്വരം: അരയാക്കടവ് റോഡിലെ പെൻഷൻ മുക്കിന് 75 മീറ്റർ തെക്കുഭാഗത്തായി രൂപപ്പെട്ട കൂറ്റൻ കുഴി താൽക്കാലികമായി അടച്ചു. 30 അടിയോളം താഴ്ചയിൽ രൂപപ്പെട്ട കുഴി താൽക്കാലികമായി കല്ലിട്ട് നികത്തി വാഹന ഗതാഗത യോഗ്യമാക്കി. കുഴി രൂപപ്പെട്ട സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തിയിരുന്നു.
മഴ മാറിയാൽ മാത്രമെ റോഡിന്റെ അടിഭാഗം അടർത്തി മാറ്റി മറ്റ് പ്രവൃത്തികൾ ചെയ്യാനാവുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് പ്രത്യേകം എസ്റ്റിമേറ്റ് തയാറാക്കി കോൺക്രീറ്റ് ചെയ്യും. കഴിഞ്ഞ ദിവസം ഇവിടെ വെച്ച് ബൈക്കിൽ പോവുകയായിരുന്ന യുവാവ് തെറിച്ചു വീണിരുന്നു.
വലിയ വാഹനങ്ങളെ കുഴി ബാധിക്കില്ലെങ്കിലും ഇരുചക്ര മുച്ചക്ര വാഹനങ്ങൾ അപകടപ്പെടാൻ ഏറെ സാധ്യതയാണ്. അതുപോലെ ഇപ്പോൾ രൂപപ്പെട്ട കുഴിക്ക് താഴെയുള്ള വളവിലും അരയാക്കടവ് കാവിന്റെ വളവിലും ചെറിയ ചെറിയ കുഴികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ ചായ്യോം കോംപ്ലെക്സിന് തെക്ക് ഭാഗത്തായി റോഡിന്റെ കിഴക്ക് ഭാഗം റോഡ് ഒരു ഭാഗത്തായി ചെരിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം കാലവർഷത്തിൽ ഈ ഭാഗങ്ങളിലും വെള്ളം കെട്ടിനിന്ന് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ ഇടപെട്ട് സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ച് വെള്ളം ഒഴുക്കിക്കളഞ്ഞാണ് പ്രശ്നം പരിഹരിച്ചത്.
2022-ലാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് ചായ്യോം കോംപ്ലക്സ് മുതൽ അരയാക്കടവ് പാലം വരെ റോഡ് മെക്കാഡം ടാറിങ് ചെയ്തത്. നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും. ചില ഭാഗങ്ങളിൽ നീരൊഴുക്ക് ഉണ്ടെന്നും അങ്ങനെയുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യണമെന്നും കരാറുകാരനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ടാറിങ് സമയത്തുതന്നെ നാട്ടുകാർ പറഞ്ഞിരുന്നു. റോഡ് മെക്കാഡം ചെയ്യുമ്പോൾ ചായ്യോം എൻ.ജി സ്മാരക കലാവേദി ജങ്ഷനിൽനിന്ന് അരയാക്കടവ് പുഴയിലേക്ക് ഓവുചാൽ നിർമിച്ച് വെള്ളം ഒഴുകിപ്പോകാൻ സംവിധാനമുണ്ടാക്കണമെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഇത് കരാർ നിബന്ധനയിൽ ഉണ്ടായിട്ടും കരാറുകാരനും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് അട്ടിമറിക്കുകയായിരുവെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.