representational image

കരിഞ്ചന്ത വിൽപ്പന സജീവം; എട്ടരക്വിന്റൽ റേഷനരി പിടികൂടി

കാസർകോട്: പൊതുവിപണിയിലെ അരി വിലവർധന മുതലെടുത്ത് പൂഴ്ത്തിവെപ്പും മറിച്ചുവിൽപനയും വ്യാപകം. ജില്ലയിൽ രണ്ടിടത്തായി കരിഞ്ചന്തയിൽ വിൽപനക്കുവെച്ച എട്ട് ക്വിന്റലിലധികം റേഷനരി പിടികൂടി. മഞ്ചേശ്വരം ബായിക്കട്ടയിലെ എ.കെ.എം ജനറല്‍ സ്റ്റോര്‍ എന്ന പലചരക്കുകടയില്‍നിന്ന് 641 കിലോ റേഷന്‍ പച്ചരിയും 75 കിലോ റേഷന്‍ പുഴുക്കലരിയും പിടിച്ചെടുത്തു.

ബായിക്കട്ടയിലെ തന്നെ ജെ.പി ജനറല്‍ സ്റ്റോര്‍ എന്ന കടയില്‍ നിന്ന് 117 കിലോ പച്ചരിയും പിടികൂടി. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി.സജിമോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്.

പിടിച്ചെടുത്ത സാധനങ്ങള്‍ മഞ്ചേശ്വരത്തെ റേഷന്‍ മൊത്തവിതരണ കേന്ദ്രത്തിന് കൈമാറി. കാര്‍ഡുടമകള്‍ നല്‍കിയതാണ് പിടിച്ചെടുത്ത അരി എന്ന് കടയുടമകള്‍ വ്യക്തമാക്കി. കടയുടമകള്‍ക്കെതിരെ അവശ്യസാധന ദുരുപയോഗ നിയമപ്രകാരം കേസെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

25കിലോയുടെ ചാക്കുകളിലാക്കിയാണ് അരി സൂക്ഷിച്ചിരുന്നത്. റേഷൻഷാപ്പുടമകളോ കാർഡുടമകളോ ആര് നൽകിയ അരിയെന്ന് വ്യക്തമല്ല. കാർഡുടമകൾ നൽകിയതാണെങ്കിലും കടകളിലേക്ക് അരി വാങ്ങാൻ പാടില്ലെന്നാണ് നിയമം.

ഇത്തരം കാർഡുടമകളെ കണ്ടെത്തിയാൽ മുൻഗണന പട്ടികയിൽനിന്ന് എ.പി.എൽ വിഭാഗത്തിലേക്ക് മാറ്റുകയാണ് ശിക്ഷാരീതി. ഓൺലൈൻ സംവിധാനം വന്നതിനാൽ വലിയതോതിൽ കരിഞ്ചന്ത വിൽപന കുറഞ്ഞുവെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ബാക്കി വരുന്ന അരിയാണ് കടകൾ നേരിട്ട് വിൽക്കുന്നത്.അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസര്‍ എം.രവീന്ദ്രന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ സുരേഷ് നായ്ക്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പൊതുവിപണിയിൽ റേഷനരി വിൽപന നടത്തുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും ഇരുകടകളെടെയും കുറിച്ചുള്ള റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചതായും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

Tags:    
News Summary - Black market sales are active-Eight quintal ration rice was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.