കാസര്‍കോട്: കാസര്‍കോട് നഗരസഭ ചെയര്മാന് മുസ്ലിം ലീഗിലെ അഡ്വ. വി.എം. മുനീർ രാജിവെച്ചു. പാർട്ടി നിർദേശ പ്രകാരം ചെയർമാൻ സ്ഥാനം രാജിവെച്ചതിനൊപ്പം പാർട്ടി നിലപാടിന് വിരുദ്ധമായി മുനീർ കൗൺസിൽ അംഗത്വവും രാജിവെച്ചു. ഇന്നലെ ഉച്ചയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. നഗരസഭാ ചെയര്മാന് സ്ഥാനം ഏറ്റെടുക്കുമ്പോഴുണ്ടായ ധാരണ പ്രകാരം ചെയര്മാന് പദവി ഈ മാസം രാജിവെക്കാന്‍ മുനീറിനോട് മുസ്ലിം ലീഗ് ജില്ല നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
വികസന കാര്യ സമിതി ചെയർമാൻ അബ്ബാസ് ബീഗത്തിന് അവസാന രണ്ടുവർഷം നഗരസഭ ചെയര്മാന് സ്ഥാനം നൽകണമെന്ന ധാരണ പ്രകാരമാണ് മുനീറിന്റെ രാജി. രാജി ഒഴിവാക്കാൻ മുനീറിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായിരുന്നു. അത് നടക്കാതെ പോയതിലുള്ള നീരസമാണ് കൗൺസിൽ അംഗത്വം രാജിവെച്ചതിലൂടെ പ്രകടിപ്പിച്ചതെന്ന് കരുതുന്നു. ഈ മാസം 15നകം രാജിവെക്കണമെന്ന് മുനീറിന് ലീഗ് ജില്ല നേതൃത്വം അന്ത്യശാസനം നൽകിയിരുന്നു. തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്നുള്ള അംഗമായിരുന്നു മുനീര്‍. മുനീറിന്റെ രാജിക്കുപുറമെ ഖാസിലേന്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറി ഇഖ്ബാല്‍ മഗ്ട, സെക്രട്ടറിമാരായ നവാസ് ഊദ്, മുസമ്മില്‍, വൈസ് പ്രസിഡന്റ് ഹക്കീം തായലങ്ങാടി എന്നിവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.