കാസർകോട്: ജില്ലയിലെ തീരമേഖലയിലെ കടലാക്രമണം ചെറുക്കാൻ ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു.കഴിഞ്ഞ ഒരുപതിറ്റാണ്ടായി തീരസംരക്ഷണത്തിന് പാകിയ പദ്ധതികൾക്കൊന്നും നിലനിൽപ്പില്ലാത്ത സാഹചര്യത്തിലാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ‘ടെട്രാപോഡുകൾ’ കൊണ്ടുള്ള തീരസംരക്ഷണ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യമുയരുന്നത്.
ഇത് ചെലവേറിയതും യൂറോപ്യൻ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിപ്പിച്ചെടുത്ത ശാസ്ത്രീയവും ശാശ്വതവുമായ പദ്ധതിയാണ്. എല്ലാവർഷവും കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കാനും മാറിത്താമസിക്കാനും കഴിയില്ലെന്ന തിരിച്ചറിവാണ് തീരവാസികൾ ഈ നിർദേശം മുന്നോട്ടുവെക്കാൻ കാരണം. ജില്ലയിൽ മഞ്ചേശ്വരം മുതൽ തൃക്കണ്ണാട് വരെയുള്ള തീരമേഖല കഴിഞ്ഞ കുറെ വർഷങ്ങളായി രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. ഇവിടെ വീടും സ്ഥലവും നഷ്ടപ്പെട്ടവരേറെയാണ്. ഇവിടങ്ങളിൽ ഇതുവരെയുണ്ടാക്കിയ തീരസംരക്ഷണ പദ്ധതികൾക്കൊന്നും നിലനിൽപ്പുണ്ടായിട്ടില്ല. കുമ്പള തീരമേഖലയിൽ പാകിയ കരിങ്കൽകൊണ്ടുള്ള കടൽഭിത്തി ഇപ്പോൾ എവിടെയും കാണാൻ കഴിയില്ല. എല്ലാം കടലെടുത്തു. കോയിപ്പാടിയിലും ചേരൈങ്കയിലും സ്ഥാപിച്ചിട്ടുള്ള ജിയോ ബാഗ് കൊണ്ടുള്ള കടൽഭിത്തി രണ്ടുവർഷം പിടിച്ചുനിന്നു. ഇപ്പോൾ അതും തകർച്ച നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് തീരദേശവാസികൾ ടെട്രാ പോഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.ഈ വിഷയത്തിൽ സർക്കാർ അനുകൂലസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിലേക്ക് പരാതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.