കാസർകോട്: കാസർകോട്ടെ മാർക്കറ്റിൽ ഇറക്കിയ 200 കിലോ പഴകിയ മീൻ പിടികൂടി. തമിഴ്നാട്ടിൽനിന്ന് എത്തിച്ച ഉപയോഗശൂന്യമായ 25 കിലോ തൂക്കമുള്ള എട്ട് പെട്ടി മത്തിയാണ് പിടികൂടി നശിപ്പിച്ചത്. ഉപയോഗശൂന്യമായ മീൻ ഇറക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥസംഘം പുലർച്ചെ മൂന്നരയോടെയാണ് മാർക്കറ്റിലെത്തിയത്.
ഭക്ഷ്യസുരക്ഷ, ഫിഷറീസ്, കാസർകോട് നഗരസഭ ആരോഗ്യവിഭാഗം എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ഏഴ് ലോറികളിലായി എത്തിയ 50 പെട്ടികളിൽ എട്ട് എണ്ണത്തിലാണ് ഉപയോഗശൂന്യമായ മീൻ ഉണ്ടായിരുന്നത്.
മീൻ മാർക്കറ്റിൽ പരിശോധന തുടങ്ങുമ്പോൾ ഉദ്യോഗസ്ഥരെ തടയാനും നീക്കമുണ്ടായി. തുടർന്ന്, കൺട്രോൾ റൂമിൽനിന്നുള്ള പൊലീസിന്‍റെ സംരക്ഷണത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. പുലർച്ചെയെത്തുന്ന മീനുകൾ പഴകിയതാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഉപയോഗശൂന്യമായ മത്സ്യം വിപണനത്തിന് എത്തിച്ചതിന് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നഗരസഭ സെക്രട്ടറി എസ്. ബിജു, ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർ ജോൺ വിജയൻ, ഓഫിസർമാരായ കെ.പി. മുസ്തഫ, എസ്. ഹേമാംബിക, ജീവനക്കാരായ പി.വി. രാജു, ബി.കെ. സിനോജ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എ.ജി. അനിൽകുമാർ, നഗരസഭ ഹെൽത്ത് വിഭാഗത്തിലെ എ. അനീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. സുധീഷ്, കെ. രൂപേഷ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കച്ചവടക്കാർ
കാസർകോട്: ഉപയോഗയോഗ്യമായ മീനാണ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചതെന്നും ഇതിനെതിരെ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള ഫിഷ് മർച്ചന്റ് ആൻഡ് കമീഷൻ ഏജന്റ്സ് അസോസിയേഷൻ ഉപഭോക്തൃ തർക്കപരാതി പരിഹാര ഫോറത്തിൽ പരാതി നൽകി. 40,000 രൂപയുടെ മത്സ്യമാണ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി പിടികൂടിയത്. മത്സ്യം കേടാണോയെന്ന് സംഭവസ്ഥലത്തുനിന്നുതന്നെ പരിശോധിക്കാൻ സംവിധാനമുണ്ടായിരിക്കെ അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. കേടാണെങ്കിൽ നടപടി സ്വീകരിക്കാമെന്നും കച്ചവടക്കാർ ആവശ്യപ്പെട്ടതാണ്. ജാമ്യമില്ല കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ മത്സ്യം കൊണ്ടുപോയത്. ഇതുമൂലമുണ്ടായ മാനഹാനിക്ക് അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം വേണമെന്നും ജില്ല ഉപഭോക്തൃ തർക്ക പരാതിപരിഹാര ഫോറത്തിൽ നൽകിയ പരാതിയിൽ വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.