കാസർകോട്: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അന്തർജില്ല സ്ഥലംമാറ്റത്തിന്റെ അനുപാതമുയർത്തിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുതിയ നിയമനങ്ങൾക്ക് തടസ്സമാകുമെന്ന് ആശങ്ക. പ്രൈമറി അധ്യാപക തസ്തികകളുടെ സ്ഥലംമാറ്റ ശതമാനം 10ൽനിന്ന് 20 ശതമാനവും ഹൈസ്കൂൾ അധ്യാപക തസ്തികകളുടേത് 15 ശതമാനവുമായിട്ടാണ് ഉയർത്തിയത്. വിദ്യാഭ്യാസ വകുപ്പിൽ മാത്രമാണ് ഈയൊരു മാറ്റം.
സംസ്ഥാനത്ത് അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നത് കേരള വിദ്യാഭ്യാസ നിയമപ്രകാരം ഓരോവർഷവും കേഡർ സ്ട്രെങ്ത് പരിഗണിച്ചാണ്. അതുപ്രകാരം ഏത് വിഭാഗത്തിനാണോ നിശ്ചിത ശതമാനത്തിൽ കുറവുള്ളത് അതുപ്രകാരമായിരുന്നു വിവിധതരത്തിലുള്ള നിയമനത്തിനായി ഒഴിവുകൾ മാറ്റിവെച്ചിരുന്നത്. പുതിയ ഉത്തരവുപ്രകാരം ഇത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഓരോവർഷവും ഉണ്ടാകുന്ന ഒഴിവിന്റെ 20 ശതമാനം അന്തർജില്ല സ്ഥലംമാറ്റത്തിന് മാറ്റിവെക്കണമെന്നാണ് പുതിയ വ്യവസ്ഥ.
2023-24ൽ ഫിക്സേഷൻ ഒഴിവുകൾപോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. യു.പി.എസ്.ടി, എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. റിട്ടയർമെന്റ് ഒഴിവുകളെല്ലാം ഡിവിഷൻ നഷ്ടം മൂലം ഇല്ലാതാവുകയും 2024-25ലെ അധ്യാപക തസ്തിക നിർണയ നടപടികൾ കൃത്യസമയത്ത് നടക്കാതിരിക്കുകയും ചെയ്യുന്നതുമൂലം ഒഴിവുകളൊന്നും ലഭ്യമാകാത്ത അവസ്ഥയിലാണ് ഉള്ള ഒഴിവുകൾപോലും അന്തർജില്ല സ്ഥലംമാറ്റത്തിന് നീക്കിവെക്കുന്നത്. ഫലത്തിൽ അപ്രഖ്യാപിത നിയമന നിരോധനമാണുണ്ടാകുകയെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് ജില്ലതലത്തിലാണ് തയാറാക്കുന്നത്. ജോലി സാധ്യത കൂടുതലുള്ള ജില്ലയിൽ അപേക്ഷിച്ച് ജോലിനേടിയവർക്ക് വളഞ്ഞവഴിയിലൂടെ സ്വന്തം ജില്ലയിലെത്താൻ വേണ്ടിയാണ് ഈ ഉത്തരവെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
അധ്യാപക സംഘടനകളുടെ സമ്മർദവും പിറകിലുണ്ടത്രെ. ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.