കാസർകോട്: ജില്ലയിൽ നിന്നും മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യാത്ര ഇളവ് നൽകുന്നതിന്റെ ഭാഗമായി സീസൺ ടിക്കറ്റ് ഏർപ്പെടുത്താനുള്ള ഗതാഗത വകുപ്പിന്റെ തീരുമാനം ജില്ലയിലെ വിദ്യാർഥികളുടെ ദീർഘകാല ആവശ്യമായി തുടരുന്നു. കേരള ആർ.ടി.സിയിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഇളവ് നൽകാത്ത കാര്യം മാധ്യമം നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു.
ജില്ലയിലെ വിദ്യാർഥികളോട് കെ.എസ്.ആർ.ടി.സി രണ്ട് തരം നീതികളാണ് കാണിച്ചിരുന്നത്. മാധ്യമം വാർത്തക്ക് പിന്നാലെ 2021 നവംബറിൽ നടന്ന നിയമസഭ ചോദ്യോത്തര വേളയിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് വിഷയം നിയമസഭയിലും ഉന്നയിച്ചിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ നഷ്ടത്തിന്റെ പേരിൽ ഇളവ് അനുവദിച്ചിരുന്നില്ല. പുതിയ തീരുമാനം മംഗളൂരുവിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉപകാരമാകും.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് കർണാടക ട്രാൻസ്പോർട്ട് ബസുകൾ ചാർജിൽ ഇളവ് നൽക്കുന്നുണ്ട്. ആയിരത്തി ഇരുന്നുറോളം രൂപയാണ് കർണാടക കെ.എസ്.ആർ.ടി.സി വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്. വിദ്യാർഥികൾ യാത്രകൾക്ക് തെരഞ്ഞെടുക്കുന്ന സമയമായ രാവിലെയും വൈകീട്ടും രണ്ട് മണിക്കൂർ പൂർണമായി കേരള ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. ഇതുകാരണം വിദ്യാർഥികൾക്ക് കർണാടക നൽകുന്ന ഇളവും ലഭിക്കുന്നില്ല. ഇത് ഭാഷ ന്യൂനപക്ഷങ്ങൾക്കെതിരെയുളള നടപടിയായും വിമർശിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.