നീലേശ്വരം: വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാംകുന്ന് മരുതുകുന്ന് ഭാഗങ്ങളിലെ ഖനന പ്രദേശങ്ങളും ക്രഷർ നിർമാണ പ്രദേശവും നേരിട്ട് സന്ദർശിച്ച് വിശദമായ രണ്ടാമത് തെളിവെടുപ്പും റിപ്പോർട്ട് തയാറാക്കലും ചെയ്യുന്നതിനായി കാസർകോട് എ.ഡി.എം എ.കെ. രമേന്ദ്രനും സംഘവും സ്ഥലം സന്ദർശിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, ജില്ല ജിയോളജിസ്റ്റ് കെ.ആർ. ജഗദീഷ്, പൊല്യൂഷൻ കൺട്രോൾ ബോർഡിലെ അനീഷ് ആന്റണി, ഡി.ഡി.പി കെ.വി. ഹരിദാസ്, ഹസാർഡ് അനലിസ്റ്റ് പ്രേംപ്രകാശ്, ഗ്രൗണ്ട് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ രതീഷ്, എസ്. അനൂജ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് പരപ്പ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ പി.വി. ചന്ദ്രൻ, വാർഡ് മെംബർ എം.ബി. രാഘവൻ, സെക്രട്ടറി എൻ. മനോജ്, ബളാൽ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാർ എന്നിവരും സംഘത്തോടൊപ്പം സ്ഥലം സന്ദർശിച്ചു. രാഷ്ട്രീയ പ്രതിനിധികളായ എ.ആർ. രാജു, ഭാസ്കരൻ അടിയോടി, വിനോദ് പന്നിത്തടം, ഗിരീഷ് കാരാട്ട്, ധനേഷ് ബിരിക്കുളം, പരിസ്ഥിതി പ്രവർത്തകരുടെ പ്രതിനിധികളായി അഡ്വ. രാജേന്ദ്രൻ, കൃഷ്ണൻ പുല്ലൂർ, സുരേഷ് പുലിക്കോടൻ എന്നിവരും സമരസമിതി പ്രവർത്തകരും സന്നിഹിതരായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം പ്രദേശവാസികളും ഉദ്യോഗസ്ഥരോട് പരാതികൾ ബോധിപ്പിക്കാൻ സ്ഥലത്തെത്തിയിരുന്നു. ഉദ്യോഗസ്ഥർ നൽകിയ മുൻ റിപ്പോർട്ടിലെ തെറ്റുകൾ നേരിട്ട് ബോധ്യപ്പെടുത്തി. ക്വാറി പ്രദേശത്തെ ആറിലധികം വറ്റാത്ത കുടിവെള്ള സ്രോതസ്സുകൾ എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ മുഴുവൻ ഉദ്യോഗസ്ഥരും നേരിട്ടുകണ്ട് ബോധ്യപ്പെട്ടു. ജില്ല
കലക്ടർ പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട ഇടവേളയിലും പ്രവർത്തനം നടത്തിയിരുന്നു. ക്വാറി പ്രദേശവുമായി ബന്ധപ്പെട്ട ഏകാംഗ വിദ്യാലയം, അംഗൻവാടി എന്നീ സ്ഥലങ്ങളും സന്ദർശിച്ചു. ക്വാറിയുടെ മൈനിങ് പ്രദേശത്തിനു ചുറ്റുമുള്ള വീടുകളുടെ ദൂരപരിധി ജി.പി.എസ് സംവിധാനം വഴി കൃത്യമായി നിർണയ പ്പെടുത്തി, ആഗസ്റ്റ് 19ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ സന്ദർശനത്തിന്റെയും പഠനത്തിന്റെയും റിപ്പോർട്ടുകൾ അതതു വകുപ്പുകൾ കലക്ടർക്ക് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.