നിർമാണം പുരോഗമിക്കുന്ന കുമ്പള ദേശീയപാത
നിർമാണത്തിന് മൂന്നു വർഷത്തെ കരാറാണ് നൽകിയിരുന്നത്
കുമ്പള: ജില്ലയിൽ ദേശീയപാത നിർമാണ പ്രവൃത്തി ആരംഭിച്ച് കൃത്യം മൂന്നു വർഷം പിന്നിടുമ്പോൾ ആദ്യ റീച്ചായ തലപ്പാടി-ചെങ്കള റീച്ച് ഉദ്ഘാടനം പിന്നെയും നീളുന്നു. ആദ്യ റീച്ച് 39 കിലോമീറ്ററിൽ 85 ശതമാനം പ്രവൃത്തികൾ പൂർത്തിയായതിനാൽ 2025 ഏപ്രിൽ, മെയ് മാസത്തിൽ തുറന്നു കൊടുക്കാനാകുമെന്നാണ് കരുതിയത്. എന്നാൽ ഈ വർഷം അവസാനത്തേക്ക് നീണ്ടേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിർമാണ കമ്പനിക്ക് ഡിസംബർ വരെ സമയം അനുവദിച്ച് നൽകിയതായാണ് വിവരം. നിർമാണത്തിന് മൂന്നു വർഷത്തെ കരാറാണ് നൽകിയിരുന്നതെങ്കിലും നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിലെത്താൻ ഇനിയും ആറുമാസംകൂടി സമയമെടുക്കുമെന്നാണ് വിവരം.
അങ്ങനെയെങ്കിൽ 2025 നവംബർ 18 ആകുമ്പോഴേക്കും നാലുവർഷം തികയും. ഈ സമയത്ത് ഉദ്ഘാടനം നടത്താമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തീരുമാനം. 2021 നവംബർ 18നാണ് ദേശീയപാത നിർമാണ പ്രവൃത്തി ആരംഭിച്ചത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൻ മേൽപാലമാണ് കാസർകോട് ഒരുങ്ങുന്നത്.
ഇതിന്റെ ജോലിയും ഏകദേശം 85 ശതമാനം പൂർത്തിയായി. കാസർകോട് കറന്തകാട് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ നീളുന്ന 1.13 കിലോമീറ്റർ നീളമുള്ളതാണ് ഈ മേൽപ്പാലം. 30 തൂണുകളിലായാണ് പാലം സ്ഥാപിച്ചിട്ടുള്ളത്. ഉപ്പളയിലെയും മേൽപാലം നിർമാണം പുരോഗമിച്ചുവരുന്നു. ഇവിടെ 75 ശതമാനം മാത്രമേ ജോലി പൂർത്തിയായിട്ടുള്ളൂ. അതിനിടെ ജില്ലയിലെ 10 നടപ്പാലങ്ങളിൽ വിദ്യാനഗറിലെയും, മൊഗ്രാൽ പുത്തൂർ കല്ലങ്കയിലെയും മേൽപാലങ്ങൾ തുറന്നു കൊടുത്തിട്ടുണ്ട്. പെറുവാഡ് നിർമാണം നടന്നു വരുന്നുണ്ട്.
മുട്ടം ഗേറ്റ് ബന്തിയോട്, മംഗൽപാടി, ഉപ്പള സ്കൂൾ പരിസരം, ഭഗവതി ഗേറ്റ്, മഞ്ചേശ്വരം, തൂമിനാട് എന്നിവിടങ്ങളിലാണ് മറ്റ് മേൽപാലങ്ങൾ സ്ഥാപിക്കുന്നത്. എട്ടു പാലങ്ങളുടെ പണികൾ ഏകദേശം പൂർത്തിയായിവരുന്നു. 19 അടിപ്പാതകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഇവിടെയും മിനുക്ക് പണികൾ ബാക്കിയുണ്ട്. 60 മെർജിങ് പോയിന്റുകളുടെ നിർമാണത്തിൽ മാത്രം മെല്ലെ പോക്ക് തുടരുന്നുണ്ട്. ദേശീയപാതയിൽനിന്ന് വാഹനങ്ങൾക്ക് സർവിസ് റോഡിൽ ഇറങ്ങാനും കയറാനുമാണ് ഈ സംവിധാനം. ഇരു ഭാഗങ്ങളിലുമായി 30 വീതം മെർജിങ് പോയിന്റുകളാകും ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.