മഞ്ചേശ്വരം: പുഴയിൽനിന്ന് മണൽ വാരാനും കുമ്പള പഞ്ചായത്തിൽ ഫയൽ നീങ്ങാനും കരാർ ലഭിക്കാനും കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണം നേരിട്ട ആറു ലീഗ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മുസ്ലിം ലീഗ് ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ശിപാർശ ചെയ്തു.
മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ. ആരിഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, അഷ്റഫ് കൊടിയമ്മ, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറയുടെ ഭർത്താവും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് സെക്രട്ടറിയുമായ കെ.വി. യുസുഫ്, കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി.എൻ. മുഹമ്മദലി, മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അബ്ബാസ് എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് ശിപാർശ.
കുമ്പള ആരിക്കാടി കടവിൽനിന്ന് മണൽ വരാൻ പ്രതിമാസം ലക്ഷങ്ങൾ മാസപ്പടി വാങ്ങി, അനധികൃത കെട്ടിടങ്ങൾക്ക് വ്യാജ പെർമിറ്റ് നൽകാനും ഗ്രാമപഞ്ചായത്തിലെ പ്രവൃത്തികളുടെ ബില്ല് അനുവദിക്കാനും കച്ചവട സ്ഥാപനങ്ങൾക്കും മറ്റും ലൈസൻസ് ലഭിക്കാനും തെരുവു വിളക്ക് സ്ഥാപിക്കുന്നതിനുള്ള കരാർ പ്രവർത്തിക്കും കോഴ വാങ്ങി, മുഴുവൻ പഞ്ചായത്ത് വികസന പ്രവർത്തികളും ബിനാമി പേരിൽ ഏറ്റെടുത്തു തുടങ്ങി ലക്ഷങ്ങളുടെ അഴിമതിയാണ് സംഘം നടത്തിയത്. മാസപ്പടി വാങ്ങാൻ പ്രത്യേക മാഫിയതന്നെ കുമ്പള മുസ്ലിം ലീഗിൽ പ്രവർത്തിക്കുന്നുവെന്നാണ് ജില്ല കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തിയത്.
ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന പാർട്ടിയെയും പ്രസിഡന്റിനെയും നോക്കുകുത്തിയാക്കി ഈ ‘തിരുട്ടു സംഘ’മാണ് കുമ്പള ഗ്രാമപഞ്ചായത്തിനെ നയിക്കുന്നതെന്ന് പാർട്ടി മൊഴികൊടുത്ത മുസ്ലിം യൂത്ത് ലീഗ് നേതാവ് മാധ്യമത്തോട് പറഞ്ഞു. താലൂക്ക് ഓഫിസിനു മുന്നിൽ അപേക്ഷ എഴുതിക്കൊടുക്കാൻ സ്വയം തൊഴിലുകാർ ഇരിക്കുന്നതുപോലെ കൈക്കൂലി വാങ്ങാൻ മേശയിട്ടിരിക്കുകയാണ് ചെയ്യുന്നത്.
ഒരു ഫയൽ മുന്നോട്ടുപോകണമെങ്കിൽ ഈ മേശയിലേക്ക് പണം വെച്ചാൽ മാത്രമേ നടക്കുകയുള്ളൂ. ഉദ്യോഗസ്ഥർ പഞ്ചായത്തിലേക്ക് എത്തുംമുമ്പ് ഈ സംഘം പഞ്ചായത്തിനു ചുറ്റും നിലയുറപ്പിക്കും എന്നതാണ് സ്ഥിതിയെന്ന് അഴിമതിക്കെതിരെ പരാതി നൽകിയ ലീഗ് പ്രവർത്തകൻ പറഞ്ഞു.
നിരന്തരമായ പരാതിയെ തുടർന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റുമാരായ അഡ്വ. എൻ.എ. ഖാലിദ്, അബ്ദുൽ റഹ്മാൻ വൺ ഫോർ, ജില്ല സെക്രട്ടറിമാരായ ടി.സി.എ. റഹ്മാൻ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, ഹാരിസ്ചൂരി എന്നീ അഞ്ചംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ഇവർ നൽകിയ റിപ്പോർട്ട് പഠിച്ചശേഷമാണ് നടപടിയെടുക്കാൻ സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
ആരോപണ വിധേയരായവരുടെ പേരിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സത്യമാണെന്നും ആറു പേർക്കെതിരെയും സംഘടന അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും അന്വേഷണ കമ്മിറ്റി റിപ്പോർട്ട് നൽകി. അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് നടപടിക്കായി അയച്ചതായി മഞ്ചേശ്വരം മണ്ഡലത്തിലെ ഒരു ജില്ല ഭാരവാഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.