രാത്രി 7.55 കഴിഞ്ഞാൽ മംഗളൂരു റൂട്ടിൽ ബസില്ല

കാസർകോട്: രാത്രി എട്ട് കഴിഞ്ഞാൽ മംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്നില്ല. ഇതുകാരണം മംഗളൂരു റൂട്ടിലെ നൂറുകണക്കിനുപേർ പ്രയാസത്തിലായി. ദേശസാത്കൃത റൂട്ടിൽ കെ.എസ്.ആർ.ടി.സി ഓടിയില്ലെങ്കിൽ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നാട്ടുകാർ.

കർണാടകയുടെയും കേരളത്തിന്‍റെയും 50 വീതം ട്രാൻസ്പോർട്ട് ബസുകളാണ് മംഗളൂരു-കാസർകോട് റൂട്ടിൽ സർവിസ് നടത്തുന്നത്. രാത്രി 7.55നാണ് ഇപ്പോൾ മംഗളൂരുവിലേക്കുള്ള അവസാന കെ.എസ്.ആർ.ടി.സി ബസ്. രാത്രി 8.45ന് കർണാടകയുടെ ബസും സർവിസ് നടത്തുന്നു. ഇതിനുശേഷം ബസുകളൊന്നുമില്ല. ഏറെ ലാഭകരമായ അന്തർ സംസ്ഥാന റൂട്ടിൽ രാത്രി സർവിസ് നടത്താത്തത് കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തികമായി വലിയ നഷ്ടം കൂടിയാണ്. രാത്രിയാത്ര പ്രശ്നം പരിഹരിക്കുന്നതിന് കാസർകോട് - മംഗളൂരു റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

കാസർകോട് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവരിലധികവും കുമ്പള, ഉപ്പള, മഞ്ചേശ്വരം, തലപ്പാടി ഭാഗത്തുള്ളവരാണ്. രാത്രി കാസർകോട് റെയിൽവേ സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാരിൽ ഈ ഭാഗത്തുള്ളവർ കൂടുതലാണ്. ഓട്ടോറിക്ഷക്കും ടാക്സി വാഹനങ്ങൾക്കും വലിയ തുകയാണ് ഈടാക്കുന്നത്. കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിച്ചാലേ ഈ ദുരിതം അവസാനിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും അയച്ച കത്തിൽ എൻ.എ. നെല്ലിക്കുന്ന് വ്യക്തമാക്കി.

Tags:    
News Summary - No buses on Mangalore route after 7.55 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.