കുമ്പള: മൊഗ്രാലിൽ അഞ്ചു വാർഡുകളിലേക്ക് ഒറ്റ പോസ്റ്റ് ഓഫിസ് എന്നത് ജനങ്ങൾക്ക് ദുരിതമാവുന്നു. പേരാൽ, കെ.കെ. പുറം, മൊഗ്രാൽ ടൗൺ, കൊപ്പളം, നാങ്കി പ്രദേശങ്ങളടങ്ങിയ അഞ്ച് വാർഡുകളിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
നാല് കിലോമീറ്റർ ദൂരത്തിൽ വിതരണം ചെയ്യേണ്ട കത്തുകളും ആധാർ അടക്കമുള്ള കാർഡുകളും പുസ്തകങ്ങളും വിലാസക്കാരന് എത്താതെ മൊഗ്രാൽ പോസ്റ്റ് ഓഫിസിൽ കെട്ടിക്കിടക്കുകയാണ്.
നൂറുകണക്കിന് കത്തുകളും കാർഡുകളും പുസ്തകങ്ങളുമാണ് ദിവസേന എത്തുന്നത്. ഇത് മേൽ വിലാസക്കാരെ കണ്ടുപിടിച്ച് നൽകാൻ പോസ്റ്റുമാൻ ഏറെ പ്രയാസപ്പെടുന്നു. ജോലിഭാരം കൂടുതലായതിനാൽ ജോലി ലഭിച്ചവർ ഇവിടെ വരാൻ താൽപര്യപ്പെടുന്നില്ല. ഇതും തപാൽ ഉരുപ്പടികൾ കുമിഞ്ഞുകൂടാൻ കാരണമാകുന്നു. ഇപ്പോൾ അത്യാവശ്യമായി നൽകേണ്ട പാസ്പോർട്ടുകൾ, ഡ്രൈവിങ് ലൈസൻസുകൾ, ബാങ്ക് ലെറ്ററുകൾ, ജോബ് കാർഡുകൾ, സർക്കാർ കത്തുകൾ, രജിസ്ട്രേഷനുകൾ എന്നിവ മാത്രമാണ് നൽകുന്നത്.
പോസ്റ്റ് ഓഫിസിൽ കെട്ടിക്കിടക്കുന്ന കത്തുകളും കാർഡുകളും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് പോസ്റ്റ് സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരെ നാട്ടുകാരും സന്നദ്ധ സംഘടനകളും അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.