കാസർകോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുനായുള്ള തിരച്ചിൽ നമ്മുടെ വാർത്തകളിൽ മാസങ്ങളോളം ഇടംപിടിച്ചതിൽ മനംനൊന്ത് ഇനിയൊരർജുൻ ഉണ്ടാവാതിരിക്കാൻ അണ്ടർ ഗാർഡുമായി ശ്രീനന്ദും ഷാഹിദും ശാസ്ത്രോത്സവത്തിന് എത്തിയത് ഏറെ കൗതുകമുണർത്തി. മണ്ണിടിച്ചിലുണ്ടായി ആളപായമുണ്ടായാൽ കണ്ടുപിടിക്കാനാണ് ശ്രീനന്ദും ഷാഹിദും അണ്ടർ ഗാർഡ് നിർമിച്ചത്. ഈ അണ്ടർ ഗാർഡ് മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശത്ത് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുകയും തിരഞ്ഞ് കണ്ടുപിടിക്കുകയും ചെയ്യുമെന്നതാണ് പ്രത്യേകത.
മൈക്രോവേവ് സെൻസറിങ് ഉപയോഗിച്ചാണിത് പ്രവർത്തിക്കുക. കാമറ ഘടിപ്പിച്ചതിനാൽ ദൃശ്യങ്ങൾ അപ്പപ്പോൾ കാണാനും സംവിധാനമുണ്ട്. ജി.പി.എസ്, മെറ്റൽ ഡിറ്റക്ടർ എന്നിവയും അണ്ടർ ഗാർഡിലുണ്ട്.
ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണിയിലെ പ്ലസ് വൺ വിദ്യാർഥികളാണ് ഇരുവരും. ഇതിൽ ശ്രീനന്ദ് കോവിഡ് സമയത്താണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. സോഫ്റ്റ്വെയർ എൻജിനീയറായ കസിൻ സഹോദരന്റെ ഉപദേശവും മുതൽക്കൂട്ടായി.
സംസ്ഥാനതലത്തിൽ വർക്കിങ് മോഡലിൽ എ ഗ്രേഡുണ്ട്. കൂടാതെ, ഫ്രീലാൻസ് സ്റ്റാർട്ടപ്പിലും പ്രവർത്തിക്കുന്നുണ്ട് ശ്രീനന്ദ്. അണ്ടർ ഗാർഡിന് എട്ടായിരം രൂപയോളമാണ് ആയതെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.