കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ല ശാസ്ത്രോത്സവം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേള, വൊക്കേഷനല്‍ എക്സ്പോ എന്നിവക്കായി എത്തുന്ന പ്രതിഭകളെ സ്വീകരിക്കാന്‍ നാടൊരുങ്ങി. ശാസ്ത്രോത്സവത്തിന്റെ ആദ്യദിനം ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള, ഐ.ടി മേള, വൊക്കേഷനൽ എക്സ്പോ എന്നിവയും ചെറുധാന്യങ്ങൾ: ആരോഗ്യത്തിനും സുസ്ഥിര ഭാവിക്കും എന്ന വിഷയത്തിലുള്ള സെമിനാറും നടക്കും.
സെമിനാറിന് സി.പി.സി.ആർ.ഐ ചീഫ് ടെക്നിക്കൽ ഓഫിസർ നിലോഫർ ഇല്യാസ് കുട്ടി നേതൃത്വം നൽകും. രണ്ടാം ദിനത്തിൽ സാമൂഹിക ശാസ്ത്രമേളയും ഗണിത ശാസ്ത്രമേളയും നടക്കും. ശാസ്ത്ര നാടകം, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മത്സരാർഥികളെ ടൗണിൽനിന്ന് മത്സര വേദിയിലേക്കെത്തിക്കാൻ ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ വാഹനം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രവൃത്തിപരിചയ മേള കാണാനും വൊക്കേഷനല്‍ എക്സ്പോയും വിപണന മേളയും സന്ദർശിക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.
31ന് വൈകീട്ട് മൂന്നിന് ഫ്ലാഷ്മോബും വിവിധ കേന്ദ്രങ്ങളിൽ നടക്കും. ശാസ്ത്രോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നിർവഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷതവഹിക്കും. എം.എല്‍.എമാരായ എം. രാജഗോപാലന്‍, എ.കെ.എം. അഷ്റഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, സ്കൂള്‍ മാനേജറും മുന്‍ മന്ത്രിയുമായി സി.ടി. അഹ്മദലി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തും. സി.പി.സി.ആര്.ഐ. ഡയറക്ടര്‍ ഡോ. കെ. ബാലചന്ദ്ര ഹെബ്ബാര്‍ ശാസ്ത്ര സന്ദേശം നല്‍കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനന് സ്വാഗതവും ഹെഡ്മാസ്റ്റർ കെ. വിജയൻ മാസ്റ്റർ നന്ദിയും പറയും. ജനപ്രതിനിധികളും പൂര്‍വവിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുക്കും.
നവംബര്‍ രണ്ടിന് വൈകീട്ട് നാലിന് സമാപനസമ്മേളനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാനുമായ സുഫൈജ അബൂബക്കര്‍ അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍കോട് നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എസ്.എന്‍. സരിത എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ. എ. സുകുമാരന്‍ നായര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ടി. ബെന്നി നന്ദിയും പറയും. വാർത്തസമ്മേളനത്തിൽ ടി.വി. മധുസൂദനൻ, സി.ടി. അഹ്മദലി, എൻ.എ. ബദറുൽ മുനീർ, പി.എം. അബ്ദുല്ല, ഡോ. സുകുമാരൻ നായർ, വിജയൻ, ഇബ്രാഹീം കരീം ഉപ്പള, യൂസഫ്, സത്താർ ആതവനാട്, ഗഫൂർ ദേളി എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.