നീലേശ്വരം: പാലായി റഗുലേറ്റർ കം ബ്രിഡ്ജിനോടനുബന്ധമായി ജലസേചന വകുപ്പിെന്റ കീഴിൽ ആരംഭിക്കുമെന്ന് പറഞ്ഞ കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല. കുടിവെള്ള പദ്ധതിക്കായി നടത്തിയ പ്രാരംഭ സർവേയും പാതിവഴിയിൽ നിലച്ചു. വടക്കേമലബാറിൽ ജലസേചന വകുപ്പിെന്റ ഏറ്റവും വലിയ പദ്ധതിയായ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം പൂർത്തിയായി രണ്ടു വർഷം കഴിഞ്ഞിട്ടും അനുബന്ധമായി വരുമെന്ന് പറഞ്ഞ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് ഇതുവരെയും കഴിഞ്ഞില്ല.
നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭയും സമീപത്തെ അഞ്ചോളം പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാൻ ഉപകാരപ്പെടുംവിധമാണ് പദ്ധതി വിഭാവനം ചെയ്തത്.
ജല അതോററ്റിക്കു കീഴിൽ കുടിവെള്ള പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചശേഷം പ്രാരംഭ സർവേയും തുടങ്ങിയിരുന്നു. ജൽജീവൻ മിഷനുമായി ചേർന്ന് കിനാനൂർ കരിന്തളം പഞ്ചായത്തിൽ കിണർ കുഴിക്കുവാനും ജലസംഭരണി നിർമിക്കുവാനും പ്ലാനുണ്ടായിയിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്, മടിക്കൈ എന്നിവടങ്ങളിലേക്ക് കുടിവെള്ള വിതരണം വ്യാപിപ്പിക്കുവാനും വാട്ടർ അതോറിറ്റി പദ്ധതിക്ക് രൂപം നൽകി. പാലക്കാടുള്ള ഒരു സ്വകാര്യ കമ്പനിക്കായിരുന്നു സർവേ നടത്തുവാനുള്ള ടെൻഡർ ലഭിച്ചത്. പിന്നീട് സർവേ പൂർത്തിയാക്കി ജൽജീവൻ മിഷെന്റ അംഗീകാരത്തിനായി സമർപ്പിച്ചശേഷം കുടിവെള്ള പ്രവർത്തനം തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ ജലസേചന വകുപ്പ് തുടർപ്രവർത്തനങ്ങൾ ഒന്നും നടത്താത്തതിനാൽ പദ്ധതി അനന്തമായി നീളുകയാണ്. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് വന്നാൽ 4800 ഹെക്ടർ കൃഷിസ്ഥലങ്ങളിൽ വെള്ളം എത്തിക്കുവാനും ഉപ്പുവെള്ളം തടയുന്നതിനും അതുവഴി കുടിവെള്ളം സംഭരിക്കുന്നതിനും സാധിക്കുമെന്നായിരുന്നു ജലസേചന വകുപ്പ് അക്കാലത്ത് അവകാശവാദം ഉന്നയിച്ചത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അണക്കെട്ട്പാലം ഉദ്ഘാടനംചെയ്ത് രണ്ടുവർഷം കഴിഞ്ഞിട്ടും കുടിവെളള പദ്ധതി തുടങ്ങുവാൻ ഇതുവരെ സാധിച്ചില്ല. 1957 ൽ നീലേശ്വരം നിയോജക മണ്ഡലത്തിൽനിന്ന് വിജയിച്ച് കേരളത്തിെന്റ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസിെന്റ സ്വപ്നപദ്ധതിയായ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് നബാർഡിെന്റ സഹായത്തോടെ 65 കോടി ചെലവിൽ ജലസേചന വകുപ്പാണ് നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.