കാസർകോട്: ജില്ലയിൽ പ്ലസ് ടു പരീക്ഷ എഴുതിയ 15,523 പേരിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 11,374 വിദ്യാർഥികൾ. 73.27 ശതമാനമാണ് വിജയം. കഴിഞ്ഞവർഷമിത് 82.95 ശതമാനമായിരുന്നു. ഏകദേശം പത്തു ശതമാനത്തിന്റെ കുറവാണ് ജില്ലയിൽ വന്നിട്ടുള്ളത്.
ഓപൺ വിഭാഗത്തിൽ പരീക്ഷ എഴുതിയ 1,912 പേരിൽ 737 പേർ ഉന്നതപഠനത്തിന് അർഹരായി. 38 ശതമാനമാണ് ഈ വിഭാഗത്തിൽ വിജയം. ജില്ലയിൽ ആകെ 105 കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത് 1,192 വിദ്യാർഥികളാണ്.
ഓപൺ വിഭാഗത്തിൽ 737 പേരിൽ ആകെ നാലുപേരാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. ജില്ലയിൽ ആകെ ഒരു സ്കൂളാണ് നൂറു ശതമാനം വിജയം കൈവരിച്ചത്. മാർത്തോമ എച്ച്.എസ്.എസ് ഫോർ ഡഫ്. ഇവിടെ പരീക്ഷ എഴുതിയത് 12 വിദ്യാർഥികളാണ്.
ഗവ. എച്ച്.എസ്.എസ് കുട്ടമത്തിലെ വഫ അഷ്റഫാണ് മിന്നുംജയം കരസ്ഥമാക്കിയത്. 1200ൽ 1200 മാർക്ക് നേടിയാണ് വഫ കാസർകോട് ജില്ലക്കുതന്നെ അഭിമാനമായത്. ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതിയത് എച്ച്.എസ്.എസ് ചെമ്മനാട് ജമാ അത്തിലാണ് 423 പേർ.
ഇതിൽ ഉന്നതപഠനത്തിന് അർഹതനേടിയത് 336 വിദ്യാർഥികളാണ്. 79.43 ശതമാനമാണ് വിജയം. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് മാർത്തോമ ബധിര വിദ്യാലയത്തിലാണ് 12 പേർ.
എന്നാൽ, ഇവിടെ നൂറുമേനിയാണ് വിജയം. ആകെ 13 വിദ്യാലയങ്ങളിലാണ് വിജയം 90 ശതമാനത്തിന് മുകളിലുള്ളത്. ഏറ്റവും കുറവ് വിജയശതമാനം ജി.എച്ച്.എസ്.എസ് പാണ്ടിയാണ് 14.29 ശതമാനം.
ഇവിടെ പരീക്ഷ എഴുതിയ 21 പേരിൽ ഉന്നത പഠനത്തിന് അർഹത നേടിയത് വെറും മൂന്നുപേരാണ്. 30 ശതമാനത്തിൽ താഴെ വിജയം കൈവരിച്ച സ്കൂളുകൾ എട്ടെണ്ണമാണ്.
കാസർകോട്: വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 61.31 ശതമാനമാണ് വിജയം. കഴിഞ്ഞവർഷമിത് 70.26 ശതമാനമായിരുന്നു. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് വിജയശതമാനം ജില്ലയിലാണ്. 1,225 വിദ്യാർഥികളാണ് ഈ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. 751 പേർ ഉന്നതപഠനത്തിന് അർഹരായി.
കാസർകോട്: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിലെ നൂറുമേനി ഇത്തവണ ഒരു വിദ്യാലയത്തിൽ മാത്രമായി ഒതുങ്ങി. കഴിഞ്ഞതവണ രണ്ടു വിദ്യാലയങ്ങൾ നൂറുമേനി വിജയത്തിന് അവകാശികളായുണ്ടായിരുന്നു. ചെർക്കള മാർത്തോമ ബധിരവിദ്യാലയം, കുനിൽ എജുക്കേഷൻ ട്രസ്റ്റ് എന്നിവയായിരുന്നു നൂറുമേനി കൊയ്തത്.
കഴിഞ്ഞതവണത്തെ നൂറുമേനി വിജയം ചെർക്കള മാർത്തോമ ബധിരവിദ്യാലയം ഇത്തവണയും ആവർത്തിച്ചപ്പോൾ കുനിൽ എജുക്കേഷൻ സ്കൂളിന് മുൻകാല വിജയം നിലനിർത്താനായില്ല. ചെർക്കള മാർത്തോമ ബധിര വിദ്യാലയത്തിൽ പരീക്ഷ എഴുതിയ 12 കുട്ടികളും വിജയിച്ചു. കുനിൽ എജുക്കേഷൻ ട്രസ്റ്റിൽ പരീക്ഷയെഴുതിയ 144 കുട്ടികളിൽ 84 പേരാണ് വിജയിച്ചത്.
ജി.എച്ച്.എസ് കമ്പല്ലൂർ (90.17), ജി.എച്ച്.എസ്.എസ് ചായ്യോത്ത് (93.41), ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട് (91.25), സെന്റ് തോമസ് എച്ച്.എസ്.എസ് തോമാപുരം (91.77), ഹോളി ഫാമിലി എച്ച്.എസ്.എസ് രാജപുരം (94.92), സെന്റ് ജൂഡ്സ് എച്ച്.എസ്.എസ് വെള്ളരിക്കുണ്ട് (90.30), ജി.എച്ച്.എസ്.എസ് സൗത്ത് തൃക്കരിപ്പൂർ (91.47), ജി.എച്ച്.എസ്.എസ് ബല്ല (91.24), ജി.എഫ്.എച്ച്.എസ്.എസ് ചെറുവത്തൂർ (91.41), മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് ഉദുമ (96.97), വരക്കാട് എച്ച്.എസ്.എസ് കോട്ടമല (90.00), സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലാവയൽ (94.07).
ഉദയ ഇ.എം.എച്ച്.എസ്.എസ് മഞ്ചേശ്വരം (29.41), അംബേദ്കർ വിദ്യാനികേതൻ എച്ച്.എസ്.എസ് പെരിയ (26.44), മലബാർ ഇസ്ലാമിക് കോംപ്ലക്സ് ചട്ടഞ്ചാൽ (19.05), ജി.എച്ച്.എസ്.എസ് പൈവളിഗെ (23.77), ജി.എച്ച്.എസ്.എസ് പാണ്ടി (14.29), വി.പി.പി.എം.കെ.പി.എസ് ജി.എച്ച്.എസ്.എസ് തൃക്കരിപ്പൂർ (28.40), ജി.വി.എച്ച്.എസ്.എസ് പെരുമ്പട്ട (20.00), എച്ച്.എസ്.എസ് കുമ്പള (25.93).
ചെറുവത്തൂർ: 1200ൽ മുഴുവൻ മാർക്കും നേടി വഫ. കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിലെ വഫ അഷറഫാണ് പ്ലസ് ടു സയൻസിൽ മുഴുവൻ മാർക്കും നേടിയത്. ആദ്യവർഷം 520ഉം ഈ വർഷം 680ഉം നേടിയാണ് വഫ ഒന്നാമതായത്. ഡോക്ടറാവുക എന്നതാണ് വഫയുടെ സ്വപ്നം. വെള്ളച്ചാലിലെ കെ. അഷറഫിന്റെയും എൻ. റസിയയുടെയും മകളാണ് വഫ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.