കാസർകോട്: ദേശീയപാതകളിലെ പൊതുനിരത്തുകളിൽ ഒരു നിയന്ത്രണവുമില്ലാതെ ഫ്ലക്സ് ബോർഡുകൾ നിറയുന്നത് ഗതാഗതത്തിനും കാൽനടക്കാർക്കും ദുരിതമാകുന്നു. പൊതുനിരത്തുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് കോടതി ഇടപെടൽമൂലം നേരത്തേ സംസ്ഥാനസർക്കാർ നിർദേശപ്രകാരം ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജില്ല ഭരണകൂടം നേരിട്ടിടപെട്ട് നിരത്തുകളിലെ ബാനറുകളും ഫ്ലക്സുകളും നീക്കംചെയ്തിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾക്ക് അൽപായുസ്സ് മാത്രമാണുണ്ടാകുന്നത്. അധികൃതർ നിയന്ത്രണം മയപ്പെടുത്തിയപ്പോൾ ജില്ലയിലെ പൊതുനിരത്തുകൾ ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയുന്ന കാഴ്ചയാണ്.
അതേസമയം, വൈദ്യുതിത്തൂണുകളിൽ ഫ്ലക്സ് ബോർഡുകളും പരസ്യങ്ങളും സ്ഥാപിക്കാൻ ഫീസ് ഈടാക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, അതും കടലാസിൽ മാത്രമായി. സർവിസ് റോഡിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റുകളിലാണ് ഭൂരിഭാഗവും ബാനറുകളും ഫ്ലക്സ് ബോർഡുകളും. ഇതുവഴി യാത്രക്കാർ നടന്നുപോകാൻ പ്രയാസപ്പെടുന്നു. ദൂരെ ദിക്കുകളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ബാനറും ഫ്ലക്സുകളും കാരണം റോഡ് ശരിയായി കാണാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ഇത് വാഹനാപകടങ്ങൾക്കിടയാക്കുമെന്നാണ് ആശങ്ക. വിഷയത്തിൽ ജില്ല ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.