കാസര്‍കോട്: ടൗൺ ബി.ഇ.എം ഹൈസ്കൂളിൽ ഓഫിസ് മുറി കുത്തിത്തുറന്ന് പണം കവർന്ന കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കർണാടക ഉഡുപ്പി ഹെജമാഡി എസ്.എസ്. റോഡിലെ എച്ച്.കെ. മൻസിലിലെ സഹീദ് സിനാനിനെയാണ് (32) കാസർകോട് പൊലീസ് ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 13നാണ് സംഭവം. ഓഫിസ് മുറിയിലെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച 35,000 രൂപ കവരുകയായിരുന്നു. തൊട്ട് സമീപത്തെ ടൗൺ ജി.യു.പി സ്കൂളിലും മോഷണം നടന്നിരുന്നു.
എന്നാൽ, ഇവിടെ നിന്ന് ചെറിയ തുകയാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനാധ്യാപകൻ പരാതി നൽകിയിരുന്നു.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിനെ തുടർന്ന്, നിരവധി മോഷണ കേസിലെ പ്രധാന പ്രതി കർണാടക ബെൽതങ്ങാടിയിലെ കുഞ്ഞുമോൻ ഹമീദിനെ (49) രണ്ട് ദിവസം മുമ്പ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായ സഹീദ് സിനാൻ കർണാടകയിൽ 25 ഓളം മോഷണ ക്കേസുകളിലെ പ്രതിയാന്നെനും കണ്ണൂരിലും ഒരു മോഷണക്കേസിൽ പ്രതിയാണെന്നും ഇൻസ്പെക്ടർ അറിയിച്ചു.
എസ്.ഐ. വിഷ്ണു പ്രസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ ജെയിംസ്, രതീഷ്, ശിവൻ, ഗുരുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർക്കൊപ്പം ഒരു പ്രതി കൂടി ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.