കാഞ്ഞങ്ങാട്: ''കടിച്ചാപ്പൊട്ടാത്ത കഥ വായിച്ചാലുണ്ടോ മക്കളേ നമ്മക്ക് തിരിയ്ന്ന്...'' വായനശാലയിൽനിന്ന് ആദ്യമായി കിട്ടിയ കഥാപുസ്തകത്തിനുമുന്നിൽ എത്തുംപിടിയും കിട്ടാതെ ഒരുമാതിരി പരുവത്തിൽനിന്നപ്പോൾ രദു മോനാണ് എന്നെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചത്. പഴയ മൂന്നാം ക്ലാസുകാരി അറിയപ്പെടുന്ന വായനക്കാരിയായി വളർന്ന കഥയുടെ കെട്ടഴിച്ചപ്പോൾ ചുളിവുവീണ മുഖത്ത് പുഞ്ചിരി തെളിഞ്ഞു.
ഭർത്താവ് രാമകൃഷ്ണനും ഏക മകൻ രദുവിനുമൊപ്പം ആടിനെ വളർത്തിക്കഴിഞ്ഞ വീട്ടമ്മ നൂറിലധികം പുസ്തകങ്ങൾ വായിച്ചുതീർത്ത വലിയ വായനക്കാരിയായി മാറിയ നാൾവഴികൾ നാട്ടുപഴമപോലെ ഹൃദ്യമായപ്പോൾ കുട്ടികളോടൊപ്പം അധ്യാപകരും കാതുകൂർപ്പിച്ച് കേട്ടു. കുഗ്രാമമായ പൊയിനാച്ചി കല്ലളിയിലെ അറുപതുകാരി സതീദേവിയെക്കുറിച്ച് പ്രശസ്ത എഴുത്തുകാരൻ യു.കെ. കുമാരൻ എഴുതിയ 'ആടു വളർത്തിയ വായനക്കാരി' എന്ന കഥ പുറത്തിറങ്ങിയതോടെയാണ് സതീചരിതം നാടറിയുന്നത്.
അക്ഷരങ്ങളുമായി കൂട്ടുകൂടിയതോടെ യു.കെ. കുമാരനും ബെന്യാമിനും അംബികാസുതൻ മാങ്ങാടു മടക്കമുള്ള എഴുത്തുകാരുമായി സൗഹൃദവും സമ്പത്തായി. യദുവടക്കം 15 മക്കളാണ് തന്റെ മറ്റൊരു സമ്പാദ്യമെന്ന് സതിയമ്മ പറഞ്ഞപ്പോൾ കുട്ടികൾക്ക് അത് വിശ്വാസമായില്ല. വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ പേരിട്ടുവിളിക്കുന്ന 12 ആടുകളോടും നായോടും പൂച്ചയോടും യദുവിനോടെന്നപോലെ വർത്തമാനം പറഞ്ഞും പാട്ടുകേൾപ്പിച്ചും കഴിയുന്ന സതിയമ്മയുടെ ജീവിതംതന്നെ കുട്ടികൾക്ക് പാഠപുസ്തകമാണ്.
വായന പക്ഷചരണത്തിന്റെ ഭാഗമായി മേലാങ്കോട്ട് എ.സി. കണ്ണൻ സ്മാരക ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ സതീദേവിയെ ആദരിച്ചു. പ്രധാനാധ്യാപകൻ കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഇ.വി. ജയകൃഷ്ണൻ മികച്ച വായനക്കാരി എം.ജി. വേദികക്ക് ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് ജി. ജയൻ, കെ.വി. വനജ, പി. ശ്രീകല, പി. കുഞ്ഞിക്കണ്ണൻ, ബിഞ്ജുഷ മേലത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.