മൊഗ്രാൽ: മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി, ജൈവവൈവിധ്യ ക്ലബുകളുടെ നേതൃത്വത്തിൽ കർഷക ദിനാചാരണം നടത്തി.
നാടൻ പച്ചക്കറി വിത്ത് വിതരണം, കൃഷിയറിവ് ക്ലാസ്, മികച്ച കർഷകരെ ആദരിക്കൽ, ഞാറുനടൽ തുടങ്ങി വ്യത്യസ്തവും വൈവിധ്യപൂർണവുമായ പരിപാടികളാണ് നടത്തിയത്.
സ്കൂളിനടുത്ത പച്ചക്കറിത്തോട്ട സന്ദർശനത്തോടെ ആരംഭിച്ച വയലറിവ് യാത്ര ബള്ളൂർ വയലിൽ സമാപിച്ചു. അനുദിനം തരിശുഭൂമിയായി മാറുന്ന കൃഷിയിടങ്ങൾ താണ്ടി തുരുത്തുകൾ പോലെയായിത്തീർന്ന നെൽവയലുകൾ തേടിക്കൊണ്ടുള്ള വയലറിവ് യാത്ര കുട്ടികൾക്ക് പുതിയ അറിവും അനുഭവങ്ങളും പകരുന്നതായിരുന്നു.
ഞാറും ഞാറ്റടിയും നിറഞ്ഞ പുഞ്ചവയലിൽ കർഷകരോടും കർഷക തൊഴിലാളികളോടുമൊപ്പം ഞാറുപറിച്ചും ഞാറുനട്ടും നാട്ടിപ്പാട്ടുപാടിയും കുട്ടികൾ നെൽകൃഷിയെ തൊട്ടറിഞ്ഞു.
ബള്ളൂർ വയലിൽ ചേർന്ന വയലറിവ് പഠന ക്ലാസ് മൊഗ്രാൽ പുത്തൂർ കൃഷി ഓഫിസർ അക്ഷത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർഷകരായ കൃഷ്ണപ്പ, അരുൺ, രഘുറാം എന്നിവരെയും കർഷകത്തൊഴിലാളികളായ പത്മാവതി, കമല, ദേവകി, ലീല, വേദവതി എന്നിവരെയും ആദരിച്ചു. ബീന, ഖാദർ കടവത്ത്, മാഹിൻ കുന്നിൽ, ജനാർദനൻ, സ്നേഹ ഭാസ്കരൻ, അലി അക്ബർ, അജ്മൽ മുബാറക്, സാദിഖ്, മാജിത, രേഷ്മ, ശില്പ, ദർശന, ഫർസീന, സൗമ്യ, അനുഷ, വൈഷ്ണവി, ശരൺ, നവ്യ, യക്ഷിത്, ജസീൽ, മിഗ്ദാദ്, തൻസീഹ്, അനന്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.