പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ്​ കാണിച്ച കുട്ടികൾക്ക്​ സർട്ടിഫിക്കറ്റ്​ നൽകുന്ന ഡി. നാരായണ

ഇത്​ പാണ്ടി സ്​കൂളി​നെ മുഖ്യധാരയിലേക്ക്​ നയിച്ച അധ്യാപകൻ

കാസർകോട്​: ജില്ലയിലെ ഏറ്റവും പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികൾ പഠിക്കുന്ന പാണ്ടി ജി.എച്ച്​.എസ്​.എസിനെ മുഖ്യധാരയിലേക്ക്​ നയിച്ചതിൽ മുഖ്യപങ്ക്​ വഹിച്ച അധ്യാപകൻ എന്ന ബഹുമതിയാണ്​​ ഡി. നാരായണയുടേത്​. വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾക്കിടയിൽ അവർക്കുതകുന്ന രീതിയിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക്​ ഏകോപിപ്പിക്കുന്നതിന്​ ചുക്കാൻ പിടിച്ചു. അടിസ്​ഥാന സൗകര്യത്തിൽ സ്​കൂളിനെ ഹൈടെക്​ ആക്കാനും മുന്നിൽനിന്നു. മൂന്നുവർഷംകൊണ്ട്​ സ്​കൂളിനെ ജില്ലയിലെ മുൻനിരയിലേക്ക്​ കൊണ്ടുവന്നതിനാണ്​ സംസ്​ഥാന അധ്യാപക അവാർഡ്​ പുരസ്​കാരം​ ഡി. നാരായണയെ തേടിയെത്തിയത്​. സെക്കൻഡറി വിഭാഗത്തിലാണ്​ ഇദ്ദേഹത്തിന്​ പുരസ്​കാരം. 2016ലാണ്​ ഇദ്ദേഹം പാണ്ടി സ്​കൂളിലെത്തുന്നത്​. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലായി ഒ​ട്ടേറെ കുട്ടികൾ. തുളു, കന്നട, മലയാളം, മറാത്തി ഭാഷകൾ സംസാരിക്കുന്ന വിദ്യാർഥികൾ. ഭാഷതന്നെയാണ്​ കുട്ടികൾക്ക്​ ഏറ്റവും പ്രയാസമായത്​. വിവിധ ഭാഷാന്യൂനപക്ഷങ്ങൾക്കായി പ്രത്യേകം അസംബ്ലികൾ ഇദ്ദേഹം രൂപകൽപന ചെയ്​തു. എഴുതാനും വായിക്കാനും പ്രാപ്​തമാക്കുന്നതിലുപരി പ്രസംഗിക്കാനും മറ്റുള്ളവർക്കു മുന്നിൽ വന്ന്​ കാര്യങ്ങൾ അവതരിപ്പിക്കാനും കുട്ടികളെ സജ്ജമാക്കി. മലയാളം, അറബി, ഹിന്ദി, തുളു, കന്നട, മറാത്തി ഭാഷകളിലാണ്​ അസംബ്ലി ഒരുക്കിയത്​. എൽ.എസ്​.എസ്​, യു.എസ്​.എസ്​ എന്നീ സ്​കോളർഷിപ്പുകൾക്ക്​ അപേക്ഷിക്കാൻ തുടങ്ങിയത്​ ഇദ്ദേഹം ഹെഡ്​മാസ്​റ്റർ ആയശേഷമാണ്​. എസ്​.എസ്​.എൽ.സിയിൽ കൂടുതൽ പേർക്ക്​ എ പ്ലസ്​, നൂറുശതമാനം വിജയം എന്നിവ നേടിയെടുക്കാൻ അഹോരാത്രം പ്രയത്​നിച്ചു. സ്​കൂളുകളുടെ നവീകരണത്തിന്​ സ്​പോൺസർമാരെ കണ്ടെത്തി. ഇന്നവേറ്റിവ്​ ക്ലബുകൾ രൂപവത്​കരിച്ചു. 2000ലാണ്​ ഇദ്ദേഹം സർവിസിൽ പ്രവേശിച്ചത്​. മികച്ച ഇ​ന്നവേറ്റിവ്​ പ്രോഗ്രാമുകൾക്ക്​ ജില്ലതല പുരസ്​കാരം ലഭിച്ചിട്ടുണ്ട്​. എസ്​.എസ്​.കെയുടെ ജില്ല പ്രോഗ്രാം ഓഫിസറാണ്​ ഇപ്പോൾ. ദേലംപാടി സ്വദേശിയാണ്​. ഭാര്യ പൂർണിമ. മക്കൾ: പൂജന, തേജൽ.



കൃഷ്​ണദാസ്​ കുട്ടികൾക്കൊപ്പം തോണിയാത്രയിൽ

 

രസഗണിതമൊരുക്കി കൃഷ്​ണദാസ്​ പലേരി

കാസർകോട്​: പ്രൈമറി കുട്ടികൾക്ക്​ കണക്ക്​ എളുപ്പമാക്കാൻ പതിനെട്ടടവും പയറ്റുകയാണ്​​ കൃഷ്​ണദാസ് പലേരിയുടെ രീതി​. ഗണിത ലാബുകളുടെ രൂപവത്​കരണം, ഗണിതോത്സവങ്ങളുടെ നടത്തിപ്പ് തുടങ്ങി കണക്ക്​ ലളിതമാക്കാൻ ഇദ്ദേഹത്തി​െൻറ കൈയിൽ ഒരുപാടുണ്ട്​ സൂത്രവാക്യങ്ങൾ. അതുകൊണ്ടുതന്നെ സംസ്​ഥാന അധ്യാപക പുരസ്​കാരം ​ഇദ്ദേഹ​ത്തെ തേടിയെത്തിയപ്പോൾ അർഹിക്കുന്ന കരങ്ങളിലെത്തിയെന്നാണ്​ വിലയിരുത്തൽ. പ്രൈമറി വിഭാഗത്തിലെ സംസ്ഥാന പുരസ്​കാരമാണ്​ തളങ്കര പടിഞ്ഞാറ് ജി.എൽ.പി സ്കൂളിലെ കൃഷ്ണദാസ് പലേരിക്ക് ലഭിച്ചത്​. കുട്ടികളിൽ പരിസ്ഥിതിചിന്ത വളർത്തുന്നതിന് രൂപവത്​കരിച്ച 'പുഴയറിവ്', ഗണിത ശാസ്ത്ര പ്രശ്ന പരിഹരണത്തിനുള്ള 'രസഗണിതം' പദ്ധതികൾ വലിയമാറ്റമാണ്​ സ്​കൂളിൽ സൃഷ്​ടിച്ചത്​. കോവിഡ് കാലത്ത് കുട്ടികളിൽ മാനസികോല്ലാസം വളർത്തുന്നതിനും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വീടുകളിലേക്ക് കയറിച്ചെന്നും നടത്തിയ വീട്ടിലൊരു ലൈബ്രറി, ഓൺലൈൻ മാജിക്, പ്രശസ്ത അതിഥികളുമായുള്ള സംവാദം തുടങ്ങിയവ വിദ്യാലയത്തെ സജീവമാക്കി. എൻ.സി.ഇ.ആർ.ടിക്കുവേണ്ടി എട്ടാം തരത്തിലേക്ക് ഗണിത ശാസ്ത്ര ലേണിങ്​ ഗ്രേഡിങ്​ മെറ്റീരിയലുകൾ തയാറാക്കി. സിനിമ നിരൂപണത്തിൽ രണ്ടുതവണ സ്വർണമെഡലും പരസ്യരംഗത്ത് സ്വർണമെഡലും നേടിയിട്ടുണ്ട്​ ഇദ്ദേഹം. കുട്ടികളുടെ ചലച്ചിത്രമായ 'കനൽപൂവ്' വിദ്യാഭ്യാസ വകുപ്പി​െൻറ അഞ്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സംസ്ഥാനതല ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. രണ്ട് പാഠ്യപദ്ധതി പരിഷ്കരണത്തിൽ അംഗമായ ഇദ്ദേഹം പ്രൈമറി വിഭാഗം ഗണിത കോർ ഗ്രൂപ്, സ്‌റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗമായും പ്രവർത്തിച്ചു. എ.യു.പി.എസ് ആലന്തട്ട, ജി.എസ്.ബി.എസ് കുമ്പള, ജി.യു.പി.എസ് കൊടിയമ്മ, ജി.ജെ.ബി.എസ് മുഗു, ജി.ജെ.ബി.എസ് പേരാൽ എന്നീ വിദ്യാലയങ്ങളിലും അധ്യാപകനായിട്ടുണ്ട്​. തൃക്കരിപ്പൂർ തലിച്ചാലം സ്വദേശിയാണ്. പരേതരായ കെ. കുഞ്ഞിരാമൻ നായരുടെയും പലേരി മീനാക്ഷിയമ്മയുടെയും മകനാണ്​. ഭാര്യ: പി മിനി. മക്കൾ: സാന്ദ്രാദാസ്, ജഗൻദാസ്.

വിദ്യാലയങ്ങൾ തേടി സൗഹൃദത്തോണി

തൃക്കരിപ്പൂർ: സ്‌കൂളുകളിൽ ചെന്ന് അധ്യാപകരെ കണ്ട് കുശലം പറഞ്ഞ് വേറിട്ട അധ്യാപകദിന പരിപാടി. മാവിലാക്കടപ്പുറം ഗവ. എൽ.പി സ്കൂൾ അധികൃതരാണ് അധ്യാപക ദിനാചരണത്തിൻെറ ഭാഗമായി വലിയപറമ്പ് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും സൗഹൃദയാത്ര സംഘടിപ്പിച്ചത്. അടച്ചിടലി​െൻറയും അകന്നിരിപ്പി​െൻറയും നാളുകളിൽ അധ്യാപകർക്ക് കൂടിച്ചേരാനുള്ള അവസരം വിരളമായിരുന്നു. ദ്വീപ് പഞ്ചായത്തിലെ സ്കൂളുകൾ തമ്മിലുള്ള സൗഹൃദം, അധ്യാപകർ തമ്മിലുള്ള അക്കാദമിക ബന്ധം, പരസ്പര സഹകരണം എന്നിവ ഊട്ടിയുറപ്പിക്കുന്നതിനു കൂടിയായിരുന്നു യാത്ര. അധ്യാപകരും അധ്യാപകേതര ജീവനക്കാരുമടങ്ങിയ സംഘമാണ് വിദ്യാലയങ്ങളിലേക്ക് യാത്ര ചെയ്തത്. വിദ്യാലയങ്ങൾക്കുള്ള ഉപഹാരങ്ങളും കരുതിയിരുന്നു. ഇടയിലെക്കാട് എ.എൽ.പി സ്കൂളിൽനിന്ന് ആരംഭിച്ച യാത്ര മാവിലാക്കടപ്പുറം ഗവ. എൽ.പി സ്കൂളിൽ അവസാനിച്ചു. ഇടയിലെക്കാട് എ.എൽ.പി സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു.

അവിടത്തെ ഹെഡ്മാസ്​റ്റർ എ. അനിൽകുമാറിനെ ഷാളണിയിച്ച് ആദരിച്ചു. വിദ്യാലയത്തിനുള്ള ഉപഹാരവും കൈമാറി. മാവിലാക്കടപ്പുറം ജി.എൽ.പി സ്കൂൾ ഹെഡ്മാസ്​റ്റർ എ.ജി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.വി. മനോജ് കുമാർ സ്വാഗതവും പി. രാജഗോപാലൻ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ വിദ്യാലയങ്ങളും സന്ദർശിച്ച് അധ്യാപകദിന സന്ദേശം കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ പ്രസിഡൻറുമാർ, മദർ പി.ടി.എ പ്രസിഡൻറ​ുമാർ, അധ്യാപകരായ കെ. സുരേശൻ, ടി. മുഹമ്മദ് റഫീഖ്​, എം. രാജേഷ്, എ. സുനിത, ഉഷ കണ്ണോത്ത്, എ.വി. ശ്രീലക്ഷ്​മി, എൻ. ഇസ്മയിൽ, ടി.വി. ശ്രുതി കൃഷ്ണൻ, എം. ആയിഷ എന്നിവർ നേതൃത്വം നൽകി.


Tags:    
News Summary - teachers day 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.