കാസർകോട്: സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറക്കാൻ സർക്കാർ തീരുമാനമെടുത്തിട്ട് വർഷങ്ങളേറെയായി. ഓരോ അധ്യയന വർഷവും പ്രഖ്യാപനങ്ങൾ വരുമെന്നല്ലാതെ തീരുമാനം നടപ്പിലാകുന്നില്ല. ഇതുമൂലം വലിയ പ്രയാസങ്ങളാണ് വിദ്യാർഥികൾ നേരിടുന്നത്.
ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ദിവസവും ചുമക്കേണ്ടത് പത്തു കിലോയോളമാണ്. ഇത് വിദ്യാർഥികൾക്ക് കഴുത്തുവേദന അടക്കമുള്ള പലവിധ രോഗങ്ങൾക്കും കാരണമാകുന്നതായി പരാതിയുണ്ട്.ഭാരം കുറക്കാനുള്ള തീരുമാനം ഈവർഷം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു. ഇതുവരെ ഇതുമായി ബന്ധപ്പെട്ട ഒരു സർക്കുലറും സ്കൂളുകളിൽ എത്തിയിട്ടില്ല. ചെറിയ കുട്ടികളുടെ പ്രയാസം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പി.ടി.എ യോഗങ്ങളിലും മറ്റും അധ്യാപകർ മുഖേന പരാതി അറിയിക്കാറുണ്ട്. പക്ഷേ, പി.ടി.എ-എസ്.എം.സി കമ്മിറ്റികൾ വിവരം വിദ്യാഭ്യാസ വകുപ്പിലെ മേലാധികാരികൾക്ക് അറിയിക്കുന്നില്ലെന്ന ആക്ഷേപമാണ് രക്ഷിതാക്കൾക്കുള്ളത്.
ഒന്നാം ക്ലാസിലെ കുട്ടികളുടെ പുസ്തകങ്ങളുടെ ഭാരം ശരാശരി രണ്ടു കിലോയും അതിനു മുകളിലുള്ള ക്ലാസുകളിൽ നാലുകിലോ എന്നനിലയിലും നിജപ്പെടുത്തുന്ന തരത്തിൽ ക്രമീകരണങ്ങൾ കൊണ്ടുവരാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്. ഒപ്പം, മാസത്തിൽ നാലു ദിവസമെങ്കിലും ‘ബാഗില്ലാത്ത ദിനങ്ങൾ’ എന്നകാര്യം നടപ്പാക്കുന്നത് പരിഗണനയിലാണെന്നും അന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.
തീരുമാനങ്ങൾ ഇതുവരെ നടപ്പിൽവരുത്താൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. അടുത്ത അധ്യയന വർഷാരംഭത്തിലെങ്കിലും തീരുമാനം ഉണ്ടാകണമെന്ന അഭിപ്രായമാണ് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.