പെർള: ശനിയാഴ്ച രാത്രി 12ഓടെ കെട്ടിടത്തിനുണ്ടായ തീപിടിത്തത്തിൽ ആറുകടകൾ പൂർണമായും കത്തിനശിച്ചു. പെർള ടൗണിൽ ബദിയടുക്ക ഭാഗത്തിൽനിന്ന് എത്തുന്ന വലതുഭാഗത്തുള്ള കർണാടക സ്വദേശി ഗോപിനാഥ് പൈയുടെ കെട്ടിടത്തിലെ ആറു കടകളാണ് കത്തിനശിച്ചത്. കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍നിന്ന് ഏഴു യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിലാണ് പുലർച്ചയോടെ തീയണിച്ചത്.
പൂർണമായും തീ കെടുത്താൻ ഞായറാഴ്ച ഉച്ച രണ്ടുവരെയെടുത്തു. കെട്ടിടത്തിലെ ജനറൽ കട, ഫാന്‍സി കട, ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് ഷോപ്, വസ്ത്രാലയം, പച്ചക്കറിക്കട, ജ്യൂസ് കട തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചവയിൽപെടും.
ഗോപിനാഥ് പൈ, പ്രവീൺ, മുഹമ്മദ്, നാരായണ, ജയദേവ, മൊണു എന്നിവരുടെ കടകളാണ് നശിച്ചത്. 1.85 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് കടയുടമകൾ പറയുന്നു. തൊട്ടടുത്തുള്ള എച്ച്.ടി വൈദ്യുതി ലൈനിലുണ്ടായ ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ബദിയടുക്ക പൊലീസും ഡോഗ് സ്ക്വാഡും ബന്ധപ്പെട്ട മറ്റ് വകുപ്പുതല ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
നാട്ടുകാരാണ് തീപിടിത്തം ആദ്യം കണ്ടത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും പരിസരത്തേക്ക് അടുക്കാൻ കഴിയാത്തവിധം തീയായിരുന്നു. അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും എല്ലാം കത്തിത്തീർന്നിരുന്നു.
പെർള ടൗണിൽ തീപിടിത്തത്തിൽ കത്തിനശിച്ച ഭാഗം
പെർള: തീപിടിത്തമുണ്ടായ കെട്ടിടത്തിന് 60 വർഷത്തെ പഴക്കമുണ്ടെന്ന് പറയുന്നു. പൊതുമരാമത്ത് സ്ഥലത്തോട് ചേർന്നാണ് കെട്ടിടമെന്ന് പറഞ്ഞ് ഒഴിപ്പിക്കാൻ ശ്രമമുണ്ടായിരുന്നു. ഇതിൽ ഹൈകോടതിയിൽ ആദ്യ വിധി പൊതുമരാമത്തിന് അനുകൂലമായെങ്കിലും അപ്പീൽ നൽകാനുള്ള നീക്കത്തിനിടെയാണ് തീപിടിത്തത്തിൽ കെട്ടിടംതന്നെ ഇല്ലാതായത്. ഇത നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതും അന്വേഷണപരിധിയിൽ വരുമെന്ന് പറയുന്നു.
പെർള: തീയണക്കാനെത്തിയ അഗ്നിരക്ഷാസേനക്ക് ആവശ്യത്തിന് വെള്ളമില്ലെന്ന പതിവുപല്ലവി പെർളയിലുമുണ്ടായി. മുൻകരുതലില്ലാത്തതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കൂടുതൽ അഗ്നിരക്ഷാസേന എത്തിയതിനാൽ തടസ്സമില്ലാതെ ജനങ്ങൾക്ക് ആശ്വാസമായി.
പെർള: ജില്ലയുടെ വടക്കേയറ്റത്ത് തീപിടിത്തമുണ്ടായാൽ കിലോമീറ്റർ താണ്ടി കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനക്ക് എത്തിപ്പെടാൻ പ്രയാസമേറെയാണ്. ഇതിന് പരിഹാരമെന്നനിലയിൽ ബേള വില്ലേജ് ഓഫിസിന് സമീപത്തെ പഞ്ചായത്തിന്റെ പഴയ ആയുർവേദ ആശുപത്രി കെട്ടിടം നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം കൈക്കൊണ്ടിരുന്നു. അഗ്നിരക്ഷാസേന യൂനിറ്റിന് ആവശ്യമായ രേഖകൾ സഹിതം സർക്കാറിൽ സമർപ്പിച്ച ഫയലുകൾക്ക് പത്ത് വർഷത്തെ ആയുസ്സുണ്ട്. എന്നാൽ, ഫയൽ പൊടിപോലും തട്ടാതെ അവിടെ കിടക്കുകയാണെന്നാണ് ആക്ഷേപം. വേനൽക്കാലത്ത് തീപിടിത്തം കൂടുതലുണ്ടാകുമ്പോൾ അഗ്നിരക്ഷാസേന എത്താൻ വൈകുന്നത് അപടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പ്രതിവിധി വേണമെങ്കിൽ നീർച്ചാലിൽ അഗ്നിരക്ഷാസേന യൂനിറ്റ് ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.