കാഞ്ഞങ്ങാട്: ചിത്താരി വില്ലേജ് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാകുന്നു. അജാനൂർ പഞ്ചായത്തിൽതന്നെ ജനം കൂടുതൽ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ഇവിടെ വില്ലേജ് ഓഫിസറും ഒരു സഹായിയും മാത്രമാണ് ജീവനക്കാരായുള്ളത്. അഞ്ച് ജീവനക്കാർ ആവശ്യമുള്ളിടത്താണ് രണ്ടുപേരുടെ സേവനം.
അടിയന്തര സ്വഭാവമുള്ള സർട്ടിഫിക്കറ്റുകൾക്കും മറ്റു രേഖകളും ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നു. ഇത് പഠനത്തിനും ജോലിയാവശ്യത്തിനും ബാങ്ക് ആവശ്യത്തിനുമായി വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ വരുന്നവരെയാണ് ബാധിക്കുന്നത്. ഇവിടെ നേരത്തേയുണ്ടായിരുന്ന വില്ലേജ് ഓഫിസറെയും സഹായിയെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിൽ പലരും ഇവിടെ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നില്ലെന്നതാണ് ജീവനക്കാരുടെ കുറവിന് കാരണം.
പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെയാരും എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ഹാറൂൺ ചിത്താരി മുഖ്യമന്ത്രിക്ക് പരാതി അയച്ചു. പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ റവന്യൂ ലാൻഡ് കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.