നഗരമാലിന്യം: പരാതി അന്വേഷിക്കാൻ വിളിച്ചപ്പോൾ ചെയർമാൻ ഫോൺ എടുത്തില്ലെന്ന്; ക്ഷുഭിതനായി മന്ത്രി

കാസർകോട്: ജില്ലയിൽ മംഗൽപാടി​ ദേശീയ പാതയോരത്തും കാസർകോട് നഗരത്തിലും മാലിന്യം സംബന്ധിച്ച പരാതിയിൽ വിശദീകരണം ചോദിക്കാൻ മന്ത്രി വിളിച്ചപ്പോൾ നഗരസഭ ചെയർമാനും മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ഫോൺ എടുത്തില്ല.

രാവിലെ കാസർകോട് എത്തിയ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷിനു മുന്നിലേക്കാണ് മുസ്‍ലിംലീഗ് ഭരിക്കുന്ന രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യ നിർമാർജനം നടക്കാത്തതു സംബന്ധിച്ച് പരാതിയെത്തിയത്.

മംഗൽപാടി പഞ്ചായത്തിൽ മാലിന്യം നീക്കംചെയ്യാത്തത് കഴിഞ്ഞദിവസം ജില്ല വികസന സമിതി യോഗത്തിലും ചർച്ചയായിരുന്നു. നടപടിയെടുത്തില്ലെങ്കിൽ പഞ്ചായത്തുഭരണം ഏറ്റെടുക്കുമെന്ന് കലക്ടർ മുന്നറിയിപ്പു നൽകിയിരുന്നു. അതിനു പിന്നാലെയാണ് തദ്ദേശ മന്ത്രിയുടെ ഇടപെടൽ.

രാവിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ നിന്നായിരുന്നു മന്ത്രി ആരോപണ വിധേയരായ തദ്ദേശ പ്രതിനിധികളെ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ നഗരസഭ ചെയർമാൻ വി.എം. മുനീർ ഫോൺ എടുക്കാത്തതിൽ ക്ഷുഭിതനായ മന്ത്രി മാധ്യമ പ്രവർത്തകരെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും വിദ്യാനഗറിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലേക്ക് മാധ്യമ ​പ്രവർത്തകരെ ക്ഷണിക്കുകയും ചെയ്തു.

കേരളമാകെ മാലിന്യ നിർമാർജനത്തിന്‌ ഒറ്റക്കെട്ടായ പ്രവർത്തനം നടക്കുമ്പോൾ ജില്ലയിൽ വ്യത്യസ്‌തമായ നിലപാട്‌ എടുക്കുന്നത്‌ അംഗീകരിക്കില്ലെന്ന്‌ മന്ത്രി എം.ബി രാജേഷ്‌ പറഞ്ഞു. കാസർകോട്‌ നഗരസഭയിലും മംഗൽപാടി പഞ്ചായത്തിലും മാലിന്യപ്രശ്‌നം അതിരൂക്ഷമാണെന്ന്‌ പരാതി കിട്ടിയിട്ടുണ്ട്‌. അതാതിടത്തെ ജനപ്രതിനിധികൾ മാലിന്യ നീക്കത്തിനായി രംഗത്തിറങ്ങണം. കേരളത്തിലാകെയുള്ള മുന്നേറ്റം ജില്ലയിലുമുണ്ടാകണം.

ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക്‌ കർശന നിർദേശം നൽകി. മാലിന്യക്കൂന നീക്കാത്ത ഉദ്യോഗസ്ഥ അലംഭാവത്തിൽ നടപടിയുണ്ടാകും. മംഗൽപാടി പഞ്ചായത്തിലെ സ്ഥിതി സർക്കാറിന്റെ ശ്രദ്ധയിലുണ്ട്‌. ഗൗരവമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തുടർന്ന് രണ്ട് തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യനീക്കം സംബന്ധിച്ച റിപ്പോർട്ട് ഉച്ചക്ക് മുമ്പ് ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ ഉച്ചഭക്ഷണത്തിന് സൗകര്യമൊരുക്കിയ നീലേശ്വരം നളന്ദയിൽ കാണണമെന്നാണ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്

Tags:    
News Summary - Urban waste-Chairman did not pick up the phone when called to investigate the complaint- The minister got angry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.