ശ്രീനഗർ: പ്രധാന പാർട്ടികളായ നാഷനൽ കോൺഫറൻസും (എൻ.സി) പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പി.ഡി.പി) ബഹിഷ്കരിച്ച ജമ്മു-കശ്മീർ തദ്ദേശ നഗരസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രർ 13 നഗരസഭകളിൽ ഭൂരിപക്ഷം നേടി. സംസ്ഥാനത്തിെൻറ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം (4.3) രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പുകൂടി ആയിരുന്നു ഇത്. സ്വതന്ത്രർ 173 വാർഡുകളിൽ വിജയിച്ചപ്പോൾ 136 വാർഡുകൾ കോൺഗ്രസും ബി.ജെ.പി 100 സീറ്റുകളിലും നേടാനായി.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിയും നേട്ടമുണ്ടാക്കി. 40 നഗരസഭകളിൽ 12 എണ്ണത്തിലാണ് ബി.െജ.പിയുടെ ജയം. അത്രതന്നെ കോൺഗ്രസും വിജയിച്ചു. കോൺഗ്രസും ബി.ജെ.പിയും ഒരേസമയം സ്വതന്ത്രരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. രണ്ടെണ്ണത്തിൽ മത്സരിക്കാൻ സ്ഥാനാർഥികളില്ലായിരുന്നു. അവശേഷിക്കുന്ന ഒരു നഗരസഭയിൽ ബി.ജെ.പിയും കോൺഗ്രസും രണ്ടുവീതം സീറ്റുകൾ നേടി. ഇവിടെ ഒരു സ്വതന്ത്രനും ജയിച്ചു.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ, സജാദ് ലോണിെൻറ പീപ്ൾസ് കോൺഫറൻസ് പാർട്ടി ഉത്തര കശ്മീരിലെ ഹന്ദ്വാര നഗരസഭയിൽ വിജയിച്ചു.
ദക്ഷിണ കശ്മീരിലെ 20 നഗരസഭകളിൽ 10 എണ്ണത്തിൽ വിജയിച്ച് ബി.ജെ.പി കരുത്തു കാണിച്ചു. മേഖലയിൽ നാലു നഗരസഭകളിൽ കോൺഗ്രസും മൂന്നെണ്ണത്തിൽ സ്വതന്ത്രരും ജയം കണ്ടു. അനന്ത്നാഗ് ജില്ലയിലെ അഞ്ചു നഗരസഭകളിലും പുൽവാമയിൽ നാലിലും കുൽഗാമിൽ ഒന്നിലും ഷോപിയാനിലെ ഏക നഗരസഭയിലും ബി.ജെ.പി ജയിച്ചു. മധ്യകശ്മീരിൽ കോൺഗ്രസിനാണ് നേട്ടം. ബുധ്ഗാം ജില്ലയിലെ മൂന്നു നഗരസഭ പാർട്ടി നേടി. മേഖലയിലെ മറ്റു നഗരസഭകളിൽ മിക്കതിലും സ്വതന്ത്രർ നേട്ടമുണ്ടാക്കി.
വടക്കൻ കശ്മീരിൽ ബന്ദിപോര ജില്ലയിലെ മൂന്നും ബാരാമുല്ലയിലെ രണ്ടും നഗരസഭകൾ കോൺഗ്രസിനാണ്. അതേസമയം, ബന്ദിപോരയിെല സോപോർ, വാട്ടർഗാം നഗരസഭകൾ ബി.ജെപിക്കൊപ്പം നിന്നു. ഒക്ടോബർ എട്ട്, 10, 13, 16 തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. തീവ്രവാദ ഭീഷണിയുടെയും വിഘടനവാദ സംഘടനകളുടെയും നാഷനൽ കോൺഫറൻസ്, പി.ഡി.പി എന്നീ മുഖ്യധാരാ സംഘടനകളുടെയും ബഹിഷ്കരണാഹ്വാനത്തിെൻറയും നിഴലിലായിരുന്നു 10 ജില്ലകളിൽ തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ടുതന്നെ വോട്ടിങ് ശതമാനം ഏറ്റവും കുറവു രേഖപ്പെടുത്തുകയുണ്ടായി. 2005ൽ നടന്ന അവസാന തദ്ദേശ തെരഞ്ഞെടുപ്പിൽ 48 ശതമാനമായിരുന്നു പോളിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.