കവളപ്പാറ: 10 വീട് ഉണ്ടാക്കാനായില്ലേ? ഇതെന്താ താജ് മഹലോ? -ലീഗിനെ പരിഹസിച്ച് കെ.ടി. ജലീൽ; പിന്നാലെ ലീഗിനെ അഭിനന്ദിച്ച് പി.വി. അൻവർ

മലപ്പുറം: കവളപ്പാറ ഉരുൾ​പൊട്ടൽ ദുരിതബാധിതർക്ക് ലീഗ് നിർമിക്കുന്ന വീടുകൾ അഞ്ച് വർഷമായിട്ടും പൂർത്തിയായിട്ടി​ല്ലെന്നും ഇതെന്താ താജ്മഹലാണോ ഉണ്ടാക്കുന്നതെന്നും കെ.ടി. ജലീൽ എം.എൽ.എ. നിലമ്പൂർ എം.എൽ.എ പി.വി. അൻവർ എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു ജലീലിന്റെ പരിഹാസം. എന്നാൽ, ജലീലിന്റെ കുറിപ്പിന് പിന്നാലെ ലീഗിനെ അഭിനന്ദിച്ച് പി.വി. അൻവർ എം.എൽ.എ രംഗത്തുവന്നു.

അതേസമയം, കവളപ്പാറ ദുരന്തബാധിതർക്ക് വീട് നിർമ്മിച്ച് കൊടുക്കാനെന്ന പേരിൽ മുസ്‌ലിംലീഗ് ഒരു പിരിവും നടത്തിയിട്ടില്ലെന്നും മുസ്‌ലിംലീഗ് സംസ്ഥാന കമ്മറ്റിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് 10 കുടുംബങ്ങൾക്ക് നൽകുന്ന വീടുകൾ കൈമാറാനുള്ള ഒരുക്കത്തിലാണെന്നും ലീഗ് നേതാവും എം.പിയുമായ പി.വി. അബ്ദുൽ വഹാബ് അറിയിച്ചു.

‘കവളപ്പാറയിൽ നടന്ന ദാരുണമായ ദുരന്തത്തിൽ 42 വീടുകൾ പൂർണ്ണമായി തകർന്നിരുന്നു. ദുരന്തം നടന്നതിന്റെ സമീപപ്രദേശത്തുള്ള 86 വീടുകൾ താമസയോഗ്യമല്ലെന്ന് അധികൃതർ കണ്ടെത്തുകയും ചെയ്തു. അങ്ങനെ ആകെ നിർമ്മിക്കേണ്ടിയിരുന്ന വീടുകളുടെ എണ്ണം 128. ഇത്രയും കുടുംബങ്ങളെയാണ് കവളപ്പാറ ദുരന്തം നേരിട്ട്‌ ബാധിച്ചത്‌.

ഈ 128 വീടുകൾക്കും ആവശ്യമായ ഭൂമി വാങ്ങി നൽകിയത്‌ ഒന്നാം പിണറായി സർക്കാരാണ്. അതിൽ 32 വീടുകൾ പ്രവാസി വ്യവസായ പ്രമുഖനും മലയാളികൾക്ക് പ്രിയങ്കരനുമായ ശ്രീ എം.എ യൂസഫലി സാഹിബിൻ്റെ സാമ്പത്തിക സഹായത്താലാണ് പണിതത്. ആ വീടുകൾക്കുള്ള ഭൂമി പക്ഷെ, സർക്കാർ തന്നെയാണ് വാങ്ങിക്കൊടുത്തത്‌. ശേഷിക്കുന്ന 96 വീടുകൾ സർക്കാരും പണിതുനൽകി’ -ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

‘എത്ര കൊല്ലമായി നിലമ്പൂരിൽ ദുരന്തമുണ്ടായിട്ട്. അഞ്ച് കൊല്ലം കഴിഞ്ഞു. ഇതുവരെ പത്ത് വീടുകൾ ഉണ്ടാക്കി നൽകാൻ കഴിഞ്ഞിട്ടില്ല. ഇതെന്താ താജ് മഹലോ? ലീഗ് പ്രളയ കാലത്ത് പിരിച്ച സംഖ്യ എത്രയാണ്. അത് ചെലവഴിച്ചത് ഏതൊക്കെ ഇനങ്ങൾക്കാണ്. സ്ഥലം വാങ്ങാൻ എത്രയായി? പണി തീരാത്ത വീടുകൾക്ക് എത്രയായി? പ്രളയത്തിൽ തകർന്ന 128 വീടുകൾ സർക്കാരും യൂസഫലിയും പണിതു കൊടുത്തു. ലീഗ് പണിയുന്ന പത്ത് വീടുകൾ ആർക്കാണ്. അവർ പ്രളയ ബാധിതരാണോ? ആ പത്ത് കുടുംബങ്ങളുടെ പേരുവിവരം ലീഗിന് പുറത്തു വിടാൻ ധൈര്യമുണ്ടോ?’ -ജലീൽ ചോദിച്ചു.

‘‘കവളപ്പാറയിൽ സർക്കാർ ഒന്നും ചെയ്തില്ല, എല്ലാം തങ്ങളാണ് ചെയ്തത് എന്ന അവകാശവാദവുമായി ഒരു കൂട്ടർ രംഗത്തിറങ്ങിയിട്ടുണ്ട്‌. അവർ കൊടുത്ത വീടുകൾ ആർക്കൊക്കെയെന്ന് അവർ ഇന്നോളം പറഞ്ഞിട്ടില്ല. എം.എ യൂസുഫലി സാഹിബിൻ്റെ സംഭാവന ഏതെങ്കിലും പാർട്ടി ഓഫിസിൽ നിന്ന് കൊടുത്തയച്ചതാണെന്ന് അവർ തെറ്റിദ്ധരിച്ചോ എന്തോ! ജനങ്ങളിൽ നിന്ന് പിരിച്ച ഫണ്ടിൻ്റെ കണക്കു പുസ്തകത്തിൽ യൂസുഫലി സാഹിബ് സംഭാവന ചെയ്ത വീടുകളുടെ ഫോട്ടോ ഒട്ടിച്ച് ഏതെങ്കിലും വിരുതൻമാർ അണികളെ പറ്റിച്ചിട്ടുണ്ടെങ്കിൽ അത് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഇതൊന്നും പറയേണ്ട സാഹചര്യമല്ല ഇതെന്നറിയാം. പക്ഷേ, "പച്ചനുണ" ഒരു ഉളുപ്പുമില്ലാതെ "മഞ്ഞക്കുപ്പായമിട്ട വെള്ളപ്പട്ടാളം" പ്രചരിപ്പിക്കുമ്പോൾ യാഥാർത്ഥ്യം പറയാതെ പോകാൻ കഴിയുന്നില്ല. അത്‌ കൊണ്ടാണ് ഇതിവിടെ ഓർമ്മിപ്പിച്ചത്. പ്രിയപ്പെട്ടവർ ക്ഷമിക്കുമല്ലോ..’ എന്നാണ് ജലീൽ പങ്കുവെച്ച അൻവറിന്റെ കുറിപ്പിൽ പറയുന്നത്.

വിശദീകരണവുമായി അബ്ദുൽവഹാബ് എം.പി

കവളപ്പാറയിൽ മുസ്‍ലിംലീഗ് നിർമിക്കുന്ന വീടുകളെ കുറിച്ച് വിശദീകരണവുമായി അബ്ദുൽവഹാബ് എം.പി രംഗത്തെത്തി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

‘‘കവളപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നത് ശ്രദ്ധയിൽപെട്ടു. കവളപ്പാറയിലെ ദുരന്തബാധിതർക്ക് വീട് നിർമ്മിച്ച് കൊടുക്കാനെന്ന പേരിൽ മുസ്‌ലിംലീഗ് ഒരു പിരിവും നടത്തിയിട്ടില്ല.

അതേസമയം കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ സംസ്ഥാന കമ്മിറ്റി ഫണ്ട് കളക്ഷൻ നടത്തിയിരുന്നു. ഓരോ ജില്ലകളിൽനിന്നും ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് ആ ഫണ്ടിൽനിന്ന് സഹായവും നൽകിയിരുന്നു.

കവളപ്പാറ സംഭവത്തിന് ശേഷം മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി മൂന്നേക്കർ സ്ഥലം ഏറ്റെടുത്ത് 50 പേർക്ക് ഭൂമി നൽകി.

മുസ്‌ലിംലീഗ് സംസ്ഥാന കമ്മറ്റിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് ഇവിടെയുള്ള 10 കുടുംബങ്ങൾക്ക് വീട് നൽകുന്നുണ്ട്. അതിന്റെ പണി പൂർത്തിയായി അർഹതപ്പെട്ടവർക്ക് അത് കൈമാറാനുള്ള ഒരുക്കത്തിലുമാണ്.

ഈ ചിത്രത്തിൽ കാണുന്ന ആദ്യത്തെ ഭവനസമുച്ചയം എന്റെ സുഹൃത്ത് എം.എ യൂസുഫലി നിർമ്മിച്ച് നൽകിയ 33 വീടുകളും എന്റെ സുഹൃത്തും വരുൺ മോട്ടോഴ്‌സ് ഡീലറുമായ പ്രഭു കിഷോർ നിർമ്മിച്ച രണ്ട് വീടുകളും ഉൾപ്പെടെ 35 വീടുകളുടേതാണ്. യൂസുഫലിയെ ഈ സദുദ്യമത്തിന് പ്രേരിപ്പിക്കാനും വീടുകളുടെ നിർമാണം തീരുന്നതുവരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാർത്ഥ്യം വാക്കുകളിൽ ഒതുങ്ങുന്നതല്ല. കുടിവെള്ളം, റോഡ്, കോമ്പൗണ്ട് വാൾ, സ്ട്രീറ്റ് ലൈറ്റ്, ഫർണീച്ചർ, ഗൃഹോപകരണങ്ങൾ തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ നൽകിയത്.

രണ്ടാമത്തെ ചിത്രമാണ് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രളയ ഫണ്ടിൽനിന്ന് തുക ചെലവഴിച്ച് നിർമ്മിച്ച വീടുകൾ. ഈ വീടുകളുടെ പണി പൂർത്തിയായിട്ടുണ്ട്. കുടിവെള്ളത്തിന്റെ പ്രശ്‌നം കൂടി പരിഹരിച്ചാൽ ഉടൻ ഇവ അവകാശികൾക്ക് കൈമാറും.

സർക്കാർ സംവിധാനങ്ങൾക്കൊപ്പം തന്നെ വിവിധ മത, രാഷ്ട്രീയ സന്നദ്ധ സംഘടനകളും പ്രളയാനന്തര സഹായം നൽകുന്നതിന് രംഗത്തുണ്ടായിരുന്നു.

പാവങ്ങളെയും ദുരിതബാധിതരെയും സഹായിക്കാനുള്ള മത്സരബുദ്ധി നല്ലത് തന്നെ.

പക്ഷേ, അതിന്റെ പേരിൽ പരസ്പരം ചെളിവാരിയെറിയുന്ന രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ല.

ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് നല്ല മനസ്സോടെയാവണം നമ്മൾ ഈ കാര്യങ്ങളെ സമീപിക്കേണ്ടത്.

എല്ലാവർക്കും നല്ലത് വരട്ടെ.’’

ഒടുവിൽ ലീഗിനെ അഭിനന്ദിച്ച് അൻവർ എം.എൽ.എ​

കവളപ്പാറ ഭവനപദ്ധതിയുടെ പേരിൽ ലീഗിനെ വിമർശിച്ച് രംഗത്തെത്തിയ പി.വി. അൻവർ എം.എൽ.എ, ഈ വിഷയത്തിൽ വഹാബിന്റ വിശദീകരണം വന്നതോടെ നിലപാട് മാറ്റി. താൻ വിമർശിച്ചത് ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകർക്കാനായി ഒരുകൂട്ടം ലീഗ്‌ അണികൾ നടത്തുന്ന വ്യാജപ്രചരണത്തെയാണെന്നും നിരവിധ കുടുംബങ്ങളെ സഹായിക്കാൻ തയ്യാറായി മുൻപോട്ട്‌ വന്ന മുസ്‍ലിം ലീഗ്‌ സംസ്ഥാന കമ്മറ്റിയെ അങ്ങേയറ്റം ആത്മാർത്ഥതയോടെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

‘‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകർക്കാനായി ഒരുകൂട്ടം ലീഗ്‌ അണികൾ(ശ്രദ്ധിക്കുക,ഒരുകൂട്ടം എന്നേ പറഞ്ഞിട്ടുള്ളൂ) ഒരു വ്യാജപ്രചരണം ആരംഭിച്ചു. "കവളപ്പാറയിൽ സർക്കാർ കൈയ്യും കെട്ടി നോക്കി നിന്നു,ദുരന്തബാധിതർക്കായി ഒന്നും ചെയ്തില്ല.സർക്കാർ മാറി നിന്നപ്പോൾ,മുസ്ലീം ലീഗാണ് കവളപ്പാറക്കാർക്ക്‌ 50 വീടുകൾ നിർമ്മിച്ച്‌ നൽകിയത്‌"എന്നായിരുന്നു പ്രചരണം.

തികച്ചും വാസ്തവരഹിതമായ പ്രചരണമാണ് ഇതെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ 42 വീടുകൾ പൂർണ്ണമായി തകർന്നു. അപകടഭീഷണിയിലുള്ള 86 വീടുകൾ കണ്ടെത്തി. അങ്ങനെ ആവശ്യമായി വന്നത്‌ 128 വീടുകൾ. ഈ വീടുകൾ നിർമിക്കുന്നതിനാവശ്യമായ ഭൂമി സർക്കാർ വാങ്ങി. ശ്രീ.എം.എ.യൂസഫലി നിർമ്മിച്ച്‌ നൽകിയ 35 വീടുകൾ ഉൾപ്പെടെ, ബഹുമാന്യനായ കാന്തപുരം എ.പി.ഉസ്താദ്‌ നിർമ്മിച്ച്‌ നൽകിയ 10 വീടുകൾ ഉൾപ്പെടെ ഈ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്‌. ബാക്കി വീടുകൾ സർക്കാർ നിർമ്മിച്ച്‌ നൽകി. ഇതാണ് വസ്തുത.

ലീഗണികളിൽ ചിലർ നടത്തിയ വ്യാജപ്രചരണത്തിന്റെ ഭാഗമായി ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇന്ന് പ്രിയപ്പെട്ട ജേഷ്ഠസുഹൃത്ത്‌ പി.വി.അബ്ദുൾ വഹാബ്‌ ഉൾപ്പെടെ കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്‌.

ലീഗ്‌ സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ 10 വീടുകളുടെ പണി പൂർത്തിയാകാറായി വരുന്നുണ്ട്‌. കുറെയധികം ആളുകൾക്ക്‌ അവർ ഭൂമി നൽകിയിട്ടുണ്ട്‌. സർക്കാർ കണക്കിൽ ഉൾപ്പെട്ടിട്ടില്ലാത്ത(സർക്കാർ മാനദണ്ഡങ്ങൾക്ക്‌ പുറത്തുള്ള) നിരവധി ആളുകളുണ്ട്‌. അവരെ സഹായിക്കാൻ തയ്യാറായി മുൻപോട്ട്‌ വന്ന മുസ്ലീം ലീഗ്‌ സംസ്ഥാന കമ്മറ്റിയെ അങ്ങേയറ്റം ആത്മാർത്ഥതയോടെ അഭിനന്ദിക്കുന്നു.

വ്യാജവാർത്തകൾ പടച്ച്‌ വിട്ട ലീഗ്‌ അണികൾ ഒന്ന് മനസ്സിലാക്കുക. സർക്കാർ കവളപ്പാറയിലെ ദുരന്തബാധിതർക്കൊപ്പം തന്നെ നിന്നിട്ടുണ്ട്‌. അവരെ ചേർത്ത്‌ നിർത്തിയിട്ടുണ്ട്‌. അവർക്ക്‌ ആവശ്യമായ കാര്യങ്ങൾ എല്ലാം ചെയ്ത്‌ നൽകിയിട്ടുണ്ട്‌. "സോഷ്യൽ മീഡിയയുടെ തിന്മകളിൽ നിന്ന് ലീഗ്‌ അണികൾ വിട്ട്‌ നിൽക്കണം" എന്ന യശ്ശശരീരനായ പാണക്കാട്‌ ഹൈദരലി തങ്ങൾ മുൻപ്‌ പറഞ്ഞത്‌ നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്. ദയവായി ഇനിയും ഇത്തരം വ്യാജപ്രചരണങ്ങൾ നടത്താതിരിക്കുക.’’ 


Full View



 Full View

Full View

 


Tags:    
News Summary - kavalappara landslide: kt jaleel agaist muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.