നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിലെത്താനാണ് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിർണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുരാജിന്‍റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ സംഭാഷണമടക്കം കൂടുതൽ തെളിവുകൾ അന്വേഷണ സംഘം കോടതിക്ക് കൈമാറി.
ഇതുവരെ നടന്ന തുടരന്വേഷണത്തിൽ ലഭിച്ച നിർണായക തെളിവുകളെന്ന് വ്യക്തമാക്കിയാണ് പെൻഡ്രൈവ് കോടതിക്ക് സമർപ്പിച്ചത്. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണണെന്നാവശ്യപ്പെട്ട് നൽകിയിരിക്കുന്ന ഉപഹരജിയുടെ ഭാഗമായാണ് കൂടുതൽ തെളിവുകൾ നൽകിയിട്ടുള്ളത്. കേസന്വേഷണത്തിൽ നിർണായകമാണ് ഈ സംഭാഷണങ്ങളെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്.
ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും സുഹ്യത്ത് ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണം, ആലുവയിലെ ഡോക്ടറും സൂരജും തമ്മിലുള്ള 5.44 മിനിറ്റ് സംഭാഷണം, അഡ്വ. സുജേഷ് മേനോനും ദിലീപും നടത്തിയ 4.33 മിനിറ്റ് സംഭാഷണം എന്നിവയാണ് പെൻ ഡ്രൈവിലുള്ളത്. ഇതിന് പുറമെ മൂന്ന് ശബ്ദ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. കാവ്യ മാധവനെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കി തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടി കഴിഞ്ഞ ദിവസമാണ് ക്രൈബ്രാഞ്ച് ഉപഹരജി നൽകിയത്.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം കാവ്യക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാട്ടിൽ ഇല്ലാത്തതിനാൽ സാവകാശം വേണമെന്ന മറുപടിയാണ് കാവ്യ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.