കായംകുളം: കായംകുളത്ത് കൂടിയുള്ള ദേശീയപാത തൂണുകളിലാക്കണമെന്ന ആവശ്യവുമായി സമരവും നിവേദനം സമർപ്പിക്കലും തകൃതിയായ സന്ദർഭത്തിൽ ഇതേ റോഡ് ഗ്രാവൽ വിരിക്കണമെന്ന പ്രധാന ആവശ്യവുമായി ഒരു നൂറ്റാണ്ട് മുമ്പ് നൽകിയ നിവേദനം കൗതുകമാകുന്നു. കായംകുളം-കരുനാഗപ്പള്ളി റോഡ് ഗ്രാവൽ വിരിക്കണമെന്ന് കാട്ടി അന്നത്തെ ദിവാന് നൽകിയ നിവേദനമാണ് കണ്ടെടുത്തത്. കായംകുളം വികസന ചരിത്രത്തിലെ അടിസ്ഥാന പ്രമാണം എന്ന് വിശേഷിപ്പിക്കാവുന്ന രേഖയിൽ നിരവധി വികസന ആവശ്യങ്ങളാണ് ഉന്നയിച്ചത്.
തിരുവിതാംകൂർ ദിവാനായിരുന്ന ബഹദൂർ മന്നത്ത് കൃഷ്ണൻനായർ 1920 ൽ കായംകുളം സന്ദർശിച്ചപ്പോൾ പൗരസമിതിയുടെ പേരിലാണ് നിവേദനം നൽകിയത്. തിരുവിതാംകൂറിലെ ഗവ. പ്രസിലാണ് പത്ര വലിപ്പത്തിലുള്ള നിവേദനം അച്ചടിച്ചത്. കായംകുളം-കരുനാഗപ്പള്ളി റോഡ് ഗ്രാവൽ വിരിച്ചു ഗതാഗതസൗകര്യം സുഗമമാക്കണമെന്നതാണ് പ്രധാന ആവശ്യം. ലോവർ ഇംഗ്ലീഷ് സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുക, ഗവ. ഡിസ്പെൻസറി ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുക, ബോട്ട് ജെട്ടി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇംഗ്ലീഷിൽ തയാറാക്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളം പുള്ളിക്കണക്ക് സ്വദേശി ബംഗ്ലാവിൽ വീട്ടിൽ റെയിഞ്ചർ എ.ജി. ഫിലിപ്പിന്റെ സ്വകാര്യ ശേഖരത്തിൽ ചെറുമകനും ക്രൈസ്തവസഭാ ചരിത്ര ഗ്രന്ഥ രചയിതാവുമായ കെ.എം.ഫിലിപ്പാണ് ഈ പുരാരേഖ സൂക്ഷിച്ചിരുന്നത്.
പ്രാദേശിക ചരിത്ര ഗവേഷകനായ അഡ്വ. ഒ. ഹാരിസാണ് ഇത് കണ്ടെടുത്തത്. കായംകുളത്തിന്റെ ചരിത്രത്തിലെ പ്രഥമ നിവേദനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അപൂർവ രേഖ കൃഷ്ണപുരം മ്യുസിയത്തിന് കൈമാറുമെന്ന് ഹാരിസ് പറഞ്ഞു. ദിവാന് നൽകിയ നിവേദനം കൃഷ്ണപുരം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ഡോ. ചേരാവള്ളി ശശി, ഡോ. ശിശുപാലൻ, പത്തിയൂർ ശ്രീകുമാർ, അഡ്വ. ഇ. സമീർ, സി.ജെ. വാഹിദ് ചെങ്ങാപ്പള്ളി, ഹരികുമാർ കൊട്ടാരം, മായാ വാസുദേവ്, അരിതാബാബു, ഹക്കിം മാളിയേക്കൽ, മക്ബൂൽ മുട്ടാണിശേരി, കലേഷ് മണിമന്ദിരം, താഹ വൈദ്യൻവീട്ടിൽ, റോഷിൻ. എ.റഹ്മാൻ, അഡ്വ. പ്രഭാത് .ജി. കുറുപ്പ്, മുബാറക് ബേക്കർ, എൻ.ആർ അജയകുമാർ, സുനിൽകുമാർ കൃഷ്ണപുരം, തത്ത ഗോപിനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.