'കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്, വീട്ടിൽ നിന്ന് പിണങ്ങി വന്നതാകുമെന്ന് കരുതി'

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക പുരോഗതി. പെൺകുട്ടി ട്രെയിനിൽ കയറിയെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർ‍ച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്.

ലഭിച്ച ചിത്രത്തിൽ നിന്ന് കുട്ടിയെ തിരിച്ചറി‌ഞ്ഞ‌ പൊലീസ് ഫോട്ടോ കുട്ടിയുടെ വീട്ടുകാരെയും കാണിച്ചു. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതിർ വശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ബബിതയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്. തമ്പാനൂരിൽ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് ബബിത പറയുന്നു. 'കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്.

നെയ്യാറ്റിൻകരയില്‍ വെച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നത്. വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതാണ് സംശയം ഉണ്ടാക്കിയത്. വീട്ടില്‍ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് കരുതി. ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയിരുന്നില്ല'. കൂടെയുണ്ടായിരുന്ന സുഹൃത്താണ് കുട്ടി തമ്പാനൂരിൽ നിന്നാണ് കയറിയതെന്ന് പറഞ്ഞത്.

പുലര്‍ച്ചെ എഴുന്നേറ്റ് വാര്‍ത്ത കണ്ടപ്പോഴാണ് കുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയത്. തുടര്‍ന്ന് നാലു മണിയോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇന്നലെ രാത്രി കുട്ടിയെ കാണാതായ സംഭവം ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും ബബിത പറഞ്ഞു. ഫോട്ടോ അയച്ചുകൊടുത്തശേഷം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ബബിത പറഞ്ഞു.

കുട്ടിയുടെ കയ്യില്‍ നോട്ട് ചുരുട്ടി പിടിച്ചിരുന്നു. 40 രൂപയോളം വരുമെന്നാണ് തോന്നുന്നത്. കയ്യില്‍ ബാഗുണ്ടായിരുന്നെങ്കിലും പൊടിയുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞ് മെഡിക്കല്‍ കോഡിന് പഠിക്കുന്ന വിദ്യാര്‍ഥിയാണ് ബബിത. ബബിതയും സുഹൃത്തും വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചിത്രം പകര്‍ത്തിയത്. തുടർന്ന് പൊലീസിന്റെ രണ്ട് സംഘങ്ങൾ അന്വേഷണം നടത്താനായി തമിഴ്നാട്ടിലേക്ക് പുറ​പ്പെട്ടിട്ടുണ്ട്.

നാഗർകോവിലിലേക്കും കന്യാകുമാരി​യിലേക്കുമാണ് പൊലീസ് സംഘങ്ങൾ പുറപ്പെട്ടിരിക്കുന്നത്. കന്യാകുമാരി പൊലീസിന് ഇതിനോടകം തന്നെ കേരള പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. കന്യാകുമാരി വരെ മാത്രം പോകുന്ന ട്രെയിൻ ആയതിനാൽ അവിടെത്തന്നെ ഇറങ്ങിയിരിക്കാനുള്ള സാധ്യതയാണുള്ളതെന്നാണ് പൊലീസ് നിഗമനം. ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Kazhakootam Girl Missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.