തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടി ചെന്നൈയിൽ ട്രെയിൻ ഇറങ്ങിയതിെന്റ ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. അസം സ്വദേശികളായ അന്‍വര്‍ ഹുസൈൻ-ഫര്‍വീൻ ബീഗം ദമ്പതികളുടെ മകൾ തസ്മീത് തംസമിനെയാണ് (13) ചെന്നൈ റെയിൽവേ സ്റ്റേഷനിലെ സി.സിടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിക്ക് ട്രെയിൻ ഇറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടർന്ന് 10.45നുള്ള ട്രെയിനിൽ അസമിലേക്ക് പോയതായാണ് സൂചന.
കുട്ടിക്ക് വേണ്ടി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമടക്കം തിരച്ചിൽ ഉൗർജിതമാക്കി. വീട്ടുകാരോട് പിണങ്ങിയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. മാതാപിതാക്കൾ ജോലിക്ക് പോയസമയം വീട്ടിൽനിന്ന് പുറത്തുപോവുകയായിരുന്നു. ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്യുന്നതിന്‍റെ ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് സഹായകമായി. ചൊവ്വാഴ്ച ഉച്ചക്ക് ട്രെയിനിൽ യാത്രചെയ്ത വിദ്യാർഥിനിയാണ് തസ്മീത് കരയുന്നതിൽ സംശയം തോന്നി മൊബൈലിൽ ചിത്രമെടുത്തത്. പെൺകുട്ടിയെ കാണാതായ വാർത്ത ബുധനാഴ്ച മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ വിദ്യാർഥിനി ഫോട്ടോ പൊലീസിന് കൈമാറി.
തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കയറിയ പെൺകുട്ടി നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങിയതായി സി.സി ടി.വി പരിശോധനയിൽ വ്യക്തമായിരുന്നു. കുപ്പിയിൽ വെള്ളമെടുത്തശേഷം തിരികെ ട്രെയിനിൽ കയറുന്നതും ഇതിലുണ്ടായിരുന്നു. കന്യാകുമാരിയിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് ചെന്നൈ എഗ്മോറിലേക്ക് പുറപ്പെട്ട ട്രെയിനിൽ കയറി രാവിലെയാണ് ചെന്നൈയിലെത്തിയത്. തമിഴ്നാട് പൊലീസിന്‍റെ സഹകരണത്തോടെയായിരുന്നു അന്വേഷണം. ആർ.പി.എഫുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്ന് അസമിലേക്കുള്ള വിവേക് എക്സ്പ്രസിലും തിരച്ചിൽ നടത്തിയിരുന്നു.
കഴക്കൂട്ടം ബ്ലോക്ക് ഓഫിസിന് സമീപത്തെ വാടക വീട്ടിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. ഒരു മാസം മുമ്പാണ് അസമിൽനിന്ന് ഇവര്‍ എത്തിയത്. ആദ്യം ഹോട്ടലിലായിരുന്നു അന്‍വറിന് ജോലി. തുടർന്ന് കഴക്കൂട്ടത്തെ സ്കൂളില്‍ തോട്ടപ്പണിക്കാരനായി പ്രവർത്തിക്കുയായിരുന്നു. ഭാര്യയും ഇവിടെ സഹായിയായുണ്ട്. ഇവര്‍ക്ക് 19 വയസ്സുള്ള മകനും ഒമ്പതും ആറും വയസ്സുള്ള രണ്ടു പെണ്‍മക്കളുംകൂടിയുണ്ട്. സുരക്ഷിതയായി തസ്മീത് മടങ്ങിവരുന്നതും കാത്തിരിക്കുകയാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.