പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കുമെന്ന് കെ.ബി ഗണേഷ് കുമാർ

ആലുവ: കെ.എസ്.ആർ.ടി.സിയിലെ നിലവിലുള്ള പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. ആലുവയിലെ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാനുസൃതമായ മാറ്റം കെ.എസ്.ആർ.ടി.സിയിൽ അനിവാര്യമാണ്. ഉദ്യോഗസ്ഥർക്ക് കൃത്യമായി ഒരുമിച്ച് ശമ്പളം നൽകും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ പ്രശ്നത്തിൽ കൃത്യമായി പരിഹാരമുണ്ടാകും.

മുടങ്ങിക്കിടക്കുന്ന പെൻഷനും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ നടപടികൾ ശക്തമാക്കി ഈ പ്രവണത അവസാനിപ്പി‌ക്കും. ആർ.ടി.ഒ ഓഫീസുകളിൽ ഫയലുകൾ പിടിച്ചു വയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു ഫയലും ഇത്തരത്തിൽ അഞ്ചു ദിവസത്തിൽ കൂടുതൽ ആർ.ടി.ഒ ഓഫീസുകളിൽ പിടിച്ചുവയ്ക്കാൻ പാടില്ല എന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കും. നിലവിലുള്ള പ്രശ്നങ്ങൾ കൃത്യമായി പരിഹരിച്ച് കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റുമെന്ന് ഉറപ്പു തരുന്നതായി മന്ത്രി പറഞ്ഞു.

പുതിയ റൂട്ടുകൾ രൂപീകരിച്ച് പ്രൈവറ്റ് ബസുകൾക്ക് പെർമിറ്റ് നൽകും. ഗ്രാമസഭാ മാതൃകയിൽ എം.എൽ.എ, എം. പി തുടങ്ങിയ ജനപ്രതിനിധികളും പൊതുപ്രവർത്തകരും അടങ്ങിയ സമിതിയോട് ആലോചിച്ച് റൂട്ടുകൾ തീരുമാനിക്കും. ഒന്നിൽ കൂടുതൽ ആളുകൾ ഒരു റൂട്ട് ആവശ്യപ്പെടുന്ന പക്ഷം ലേലം വിളിച്ച് റൂട്ടുകൾ നൽകും.

ആലുവയിലെ ട്രാഫിക് സിഗ്നലുകളുടെ അപാകതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരി‌ക്കും. ആലുവ മുതൽ നെടുമ്പാശ്ശേരി എയർപോർട്ട് വരെയുള്ള സിഗ്നൽ ലൈറ്റുകളുടെ സമയം കൃത്യതപ്പെടുത്തും. ദേശീയപാത, പ്രധാന റോഡ്, ഇട റോഡ് എന്നിവ അനുസരിച്ച് ലൈറ്റുകളുടെ സമയത്തിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി 8 .64 കോടി രൂപയും കെ.എസ്. ആർ. ടി. സിയിൽ നിന്നും 5.92 കോടി അനുവദിച്ചാണ് പുതിയ ബസ് സ്റ്റേഷന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. ആലുവ നഗരസഭ ചെയർമാൻ എം. ഒ ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - KB Ganesh Kumar said that the activities to overcome the crises will be implemented in KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.