കൽപറ്റ: മുൻ എം.എൽ.എയും സംസ്ഥാന വനിത കമീഷൻ അധ്യക്ഷയുമായിരുന്ന കെ.സി. റോസക്കുട്ടി ടീച്ചറുടെ രാജി കെ.പി.സി.സി നേതൃത്വത്തിന് ആഘാതമായി. കോൺഗ്രസ് വനിത വൈസ് പ്രസിഡൻറിനെ പാർട്ടി പാളയത്തിലെത്തിക്കാൻ കരുക്കൾ നീക്കിയത് ഉന്നത നേതാക്കൾ. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അറിവോടെ ആയിരുന്നു ഇത്. പി.ബി അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി എന്നിവർ അവരുമായി ചർച്ച നടത്തി. കൂടാതെ, തിരുവനന്തപുരത്തുനിന്ന് ഒരു ഉയർന്ന നേതാവും ഫോണിൽ സംസാരിച്ചു.
കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥൻ പാർട്ടി വിട്ട് സി.പി.എമ്മിൽ എത്തിയതിനു പിന്നാലെ സുൽത്താൻ ബത്തേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി. കൽപറ്റ സീറ്റിന് ശ്രമിച്ച് തീരുമാനം വന്നപ്പോൾ നേതൃത്വവുമായി ഉടക്കിയ കെ.സി. റോസക്കുട്ടി സി.പി.എമ്മിൽ പോകുമെന്ന് കോൺഗ്രസുകാർ ആരും കരുതിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ടീച്ചറെ പങ്കെടുപ്പിക്കാൻ സി.പി.എം വിപുല പരിപാടികൾ ഒരുക്കിയിട്ടുണ്ട്. സീറ്റ് പ്രശ്നത്തിൽ അസ്വസ്ഥരായ ചില കോൺഗ്രസ് നേതാക്കളും ഇടതു നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
കുടിയേറ്റ മേഖലയിൽനിന്ന് കൂടുതൽ പിന്തുണയാണ് സി.പി.എം ലക്ഷ്യമിടുന്നത്. വയനാട്ടിലെ മൂന്നു സീറ്റുകളിലും പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. അതിനിടയിൽ ചില അടിയൊഴുക്കുകളും ശക്തമായി. അതിന് ആക്കം കൂട്ടുകയാണ് മുന്നണികളുടെ ലക്ഷ്യം.
മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ എടുക്കാൻ പുതിയ അടവുനയംതന്നെ സി.പി.എം രൂപപ്പെടുത്തിയിട്ടുണ്ട്. എ.ഐ.സി.സിയിൽനിന്നടക്കം വന്ന ഫോൺ വിളികൾ അവഗണിച്ചാണ് റോസക്കുട്ടി ടീച്ചർ പാർട്ടി വിട്ടത്. അവർ വാർത്തസമ്മേളനം നടത്തിയതിനു പിന്നാലെ സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ അടക്കം നേതാക്കൾ എത്തി അവരെ പാർട്ടി വേദികളിലേക്ക് ക്ഷണിക്കുകയായിരുന്നു.
ടീച്ചറുടെ രാജിപ്രഖ്യാപനം നാടകീയമായി
സുൽത്താൻ ബത്തേരി: പാർട്ടിയോട് ഇടഞ്ഞുനിന്ന റോസക്കുട്ടി ടീച്ചർ കോൺഗ്രസ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത് നാടകീയമായി. ഒരുകാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരെ വീട്ടിലേക്ക് വിളിച്ചുവരുത്തുമ്പോൾ പാർട്ടി വിടാനുള്ള സൂചനകൾ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ നേതാക്കൾ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമംനടത്തി.
എന്നാൽ, പെട്ടെന്നുള്ള തീരുമാനമല്ലെന്ന ടീച്ചറുടെ മറുപടിയിൽ നേതാക്കൾ നിസ്സഹായരാവുകയായിരുന്നു. കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും വിളിച്ചതായി അവർ വിശദീകരിച്ചു. പൊതുപ്രവർത്തന രംഗത്ത് സജീവമായി നിൽക്കുമെന്നും ഇടതുപക്ഷവുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നുമായിരുന്നു ടീച്ചർ പറഞ്ഞത്.
അതിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞാണ് സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. കോൺഗ്രസിൽനിന്ന് രാജിവെച്ച പ്രഖ്യാപനം വന്നതിന് പിന്നാലെ റോസക്കുട്ടി ടീച്ചറെ കാണാൻ സി.പി.എം നേതാക്കൾ വീട്ടിലെത്തി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, ജില്ല സെക്രട്ടറി പി. ഗഗാറിൻ, എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ എന്നിവരാണ് വീട്ടിലെത്തിയത്. ടീച്ചറെ ഇടതുനേതാക്കൾ സി.പി.എമ്മിലേക്ക് വരവേറ്റപ്പോൾ കോൺഗ്രസ് നേതൃത്വം കാഴ്ചക്കാരാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.