കെ.സി. വേണുഗോപാൽ

ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ കോൺഗ്രസിന്റെ ആരോപണം ശരിയെന്ന് തെളിയിക്കുന്നു -കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള ജെ.ഡി.എസിന്റെ സഖ്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ജെ.ഡി.എസ് നേതൃത്വത്തിനും വ്യക്തമായി അറിയാമായിരുന്നതിനാലാണെന്ന കോൺഗ്രസിന്റെ ആരോപണം ശരിവെക്കുന്നതാണ് എച്ച്.ഡി. ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. പരസ്യമായി ബി.ജെ.പി സഖ്യം പ്രഖ്യാപിച്ചിട്ടും കേരള മന്ത്രിസഭയില്‍ നിന്നും ജെ.ഡി.എസ് പ്രതിനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കാതിരുന്നത് അത്കൊണ്ടാണ്.

ബി.ജെ.പിയേയും മോദിയേയും പിണക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. അധികാരത്തിന്റെ തണലില്‍ നടത്തിയ അഴിമതിയും സഹകരണക്കൊള്ളയും ബിനാമി-കള്ളപ്പണയിടപാടും ബി.ജെ.പിയുടെ മുന്നില്‍ മുട്ടിലിഴയേണ്ട ഗതികേടിലേക്ക് കേരള സി.പി.എമ്മിനെ കൊണ്ടെത്തിച്ചു. ബി.ജെ.പിയെ എതിര്‍ത്താല്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ തങ്ങളെ വേട്ടയാടുമെന്ന ഭയമാണ് തരംതാണ രാഷ്ട്രീയ നിലപാടെടുക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്. ഒരു ബി.ജെ.പി വിരുദ്ധ പ്രസ്താവന നടത്താന്‍ പോലും മോദിയുടെ താൽപര്യം പരിഗണിക്കേണ്ട ദുരന്തമാണ് സി.പി.എം കേരളത്തില്‍ അഭിമുഖീകരിക്കുന്നത്.

പിണറായി വിജയന്റെ എല്ലാ ചെയ്തികള്‍ക്കും കുടപിടിക്കുന്ന സി.പി.എം ഇന്ന് അതിസങ്കീര്‍ണ്ണമായ പ്രതിസന്ധിയിലാണ്. ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ടിട്ടും സി.പി.എം കേന്ദ്ര നേതൃത്വം ഇതിനോട് പ്രതികരിക്കാത്തില്‍ അത്ഭുതം തോന്നുന്നു. ദേവഗൗഡയുടെ പ്രസ്താവനയെ തള്ളിപ്പറയാന്‍ സിപിഎം കേന്ദ്ര നേതൃത്വം അമാന്തിക്കുന്നതെന്തിനാണ്? ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടിയയെന്ന തുറന്ന പറച്ചിലില്‍ സി.പി.എം ദേശീയ നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്ട്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സി.പി.എം ദേശീയ നേതൃത്വം ബാധ്യസ്ഥരാണ്.

ഇതിപ്പോള്‍ തുടങ്ങിയ ബാന്ധവമല്ല. കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കിയ ജെ.ഡി.എസുമായി കൂട്ടുചേര്‍ന്ന് മത്സരിച്ച പാര്‍ട്ടിയാണ് സി.പി.എം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും സംയുക്ത സ്വപനമാണെന്ന് ഇതില്‍പ്പരം എന്ത് തെളിവ് വേണമെന്നും വേണുഗോപാല്‍ ചോദിച്ചു.

Tags:    
News Summary - KC Venugopal MP against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.