കെജ്‌രിവാളിന്‍റെ ജാമ്യം ബി.ജെ.പിയുടെ കുത്സിത നീക്കത്തിനേറ്റ തിരിച്ചടി; തെരഞ്ഞെടുപ്പിൽ വിധി നിർണായക സ്വാധീനം ചെലുത്തുമെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി.ജെ.പിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിന്‍റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബി.ജെ.പി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തെരഞ്ഞെടുപ്പിനെ നേരിടാൻ നരേന്ദ്ര മോദി സർക്കാറിന് ഭയമാണ്. പകരം വർഗീയ വിദ്വേഷം അഴിച്ചുവിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേൽപിച്ചത്. തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബി.ജെ.പിയുടെ നില പരുങ്ങലിലാവുകയാണ്. അത് തിരിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപ നാളുകളിൽ പുറത്തുവരുന്നത്. കേന്ദ്ര സർക്കാറിന്റെ തെറ്റായ നീക്കങ്ങൾ ജുഡീഷ്യൽ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ.ഡിയെപോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിർപ്പ് കൂടിയാണ് വിധിയിൽ തെളിയുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു.

Full View
Tags:    
News Summary - Kejriwal's bail is a blow to BJP's move -Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.