തിരുവനന്തപുരം: കേരള നിയമസഭ ലോകത്തിന് മുന്നിൽ നാണംകെട്ട ദിനമായിരുന്നു 2015 മാർച്ച് 13. ബാർകോഴ വിഭാഗത്തിൽ ആരോപണവിധേയനായ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷം നടത്തിയ നീക്കവും അതിനെ മറികടക്കാൻ ഭരണപക്ഷം നടത്തിയ പരിശ്രമവുമാണ് കൈയാങ്കളിയിലും സഭയിലെ വസ്തുവകകൾ തല്ലിത്തകർക്കുന്നതിലും കലാശിച്ചത്.
മാണിയെ ബജറ്റ് അതരിപ്പിക്കുന്നത് തടയുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷാംഗങ്ങൾ തലേന്ന് രാത്രിതന്നെ സഭക്കുള്ളിൽ എത്തിയിരുന്നു. നിയമസഭയുടെ മുൻവശം ഇടതുമുന്നണിയും യുവമോർച്ചയും ഉപരോധിച്ചു. സഭക്കകത്തും പുറത്തും സമരം. സംഘർഷം മുറ്റി നിന്ന സാഹചര്യത്തിൽ നിയമസഭാ നടപടികൾ ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് നടുത്തളത്തിൽ ഇരുന്ന പ്രതിപക്ഷാംഗങ്ങൾ ഭരണപക്ഷത്തെ ഞെട്ടിച്ച് രണ്ട് ചേരിയായി തിരിഞ്ഞ് സ്പീക്കറുടെ വേദിയിലേക്ക് ഇരച്ചുകയറി. സ്പീക്കർ എൻ. ശക്തനെ വേദിയിലേക്ക് കയറുന്നത് തടയാൻ ശ്രമിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് സ്പീക്കർ അകത്തുകടന്നത്. ഇപ്പോഴത്തെ മന്ത്രി ഇ.പി. ജയരാജൻ അടക്കം ഏതാനും അംഗങ്ങൾ സ്പീക്കറുടെ കസേര ഇളക്കി എടുത്ത് താഴേക്ക് വലിച്ചെറിഞ്ഞു. സ്പീക്കറുടെ മൈക്കും കമ്പ്യൂട്ടറുമെല്ലാം തകർത്തു. സഭക്കകത്ത് കയറിയ സ്പീക്കർക്ക് കസേരയും മൈക്കും ഉണ്ടായിരുന്നില്ല.
ബഹളത്തിനിടെ മാണി പുറകുവശത്തെ വാതിലൂടെ ഭരണപക്ഷ അംഗങ്ങളുടെ സംരക്ഷണത്തിൽ അകെത്തത്തുകയും ആറ് മിനിറ്റോളം ബജറ്റ് പ്രസംഗം വായിക്കുകയുമായിരുന്നു. മാണിയുടെ മുൻവശത്തെ സീറ്റ് മാറ്റി ഇടയ്ക്കുള്ള സീറ്റിൽ നിന്നാണ് ബജറ്റ് അവതരിപ്പിച്ചത്. അവിടേക്കെത്താനുള്ള പ്രതിപക്ഷനീക്കം ഭരണപക്ഷം ചെറുത്തു. ആകെ കൈയ്യാങ്കളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.