തിരുവനന്തപുരം: ദുരന്തനിവാരണമേഖലയിൽ പുതിയ ചട്ടങ്ങളും പദ്ധതികളും അനിവാര്യമാണെങ്കിൽ സമയബന്ധിതമായി അവക്ക് രൂപം നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന് നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറുടെ റൂളിങ്. കേന്ദ്ര നിയമത്തിന് അനുസരിച്ച് ചട്ടങ്ങളോ പദ്ധതികളോ രൂപവത്കരിക്കാത്തതിനാൽ ദുരന്തനിവാരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ കേന്ദ്രസഹായം നേടിയെടുക്കുന്നതിനോ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എം. ഉമ്മർ അവതരിപ്പിച്ച ക്രമപ്രശ്നത്തിെൻറ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ വി. ശശി റൂളിങ് നൽകിയത്.
2005ലെ കേന്ദ്ര ദുരന്തനിവാരണ നിയമത്തിെൻറ ഭാഗമായി 2007ൽ ചട്ടം രൂപവത്കരിച്ച് സമർപ്പിച്ചതായാണ് കാണുന്നതെന്ന് റൂളിങ്ങിൽ പറഞ്ഞു. പുതിയ ചട്ടങ്ങളും പദ്ധതികളും രൂപവത്കരിക്കുന്നത് അനിവാര്യമാണെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. ഭരണഘടനയുടെ 256ാം അനുച്ഛേദം പ്രകാരം പാർലമെൻറ് പാസാക്കുന്ന നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസരിച്ച് സംസ്ഥാന സർക്കാർ ചട്ടങ്ങളും രൂപവത്കരിക്കേണ്ടതുണ്ടെന്ന് എം. ഉമ്മർ ക്രമപ്രശ്നത്തിൽ ചൂണ്ടിക്കാട്ടി.
2005ലെ കേന്ദ്രദുരന്തനിവാരണ നിയമവുമായി ബന്ധപ്പെട്ട ആക്ടിലെ വകുപ്പുകൾ പ്രകാരം ദുരന്തനിവാരണ പ്രതിരോധ സംവിധാനങ്ങളെ സജ്ജമാക്കുന്നതിന് സംസ്ഥാന സർക്കാർ പദ്ധതി തയാറാക്കേണ്ടതുണ്ട്. ആക്ട് പാസായശേഷം ഇതുവരെയും ഇതു സംബന്ധിച്ച് സംസ്ഥാന എക്സിക്യൂട്ടിവ് സമിതി രൂപവത്കരിച്ചതല്ലാതെ വകുപ്പ്, വില്ലേജ്, തദ്ദേശതലങ്ങളിൽ ദുരന്തനിവാരണ പദ്ധതികൾ തയാറാക്കി നൽകിയിട്ടില്ല. ഇത് ഗുരുതരമായ വീഴ്ചയാണെന്നും ഉമ്മർ ചൂണ്ടിക്കാട്ടി.
കേന്ദ്രനിയമത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനം ചട്ടം രൂപവത്കരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മറുപടി പറഞ്ഞു. 197 വില്ലേജുകളിലും തിരുവനന്തപുരം, കൊല്ലം, എറണാകുളം നഗരസഭകളിലെ ചില വാർഡുകളിലും ദുരന്തലഘൂകരണ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ മറ്റ് വാർഡുകളിലും പദ്ധതി തയാറാക്കും. പദ്ധതിക്കായി കേന്ദ്രസഹായം ലഭിക്കുന്നില്ലെന്നും വകുപ്പ് തന്നെ സ്വന്തമായി പണം കണ്ടെത്തേണ്ട സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.