മാധ്യമവിലക്ക്: ചീഫ് ജസ്റ്റിസിന് സ്പീക്കറുടെ കത്ത്

തിരുവനന്തപുരം: കോടതികളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഇടപെട്ട് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍. പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി ചീഫ് ജസ്റ്റിസിന് സ്പീക്കർ കത്തയച്ചു. സമീപ കാലത്ത് മാധ്യമപ്രവർത്തകരും അഭിഭാഷക സമൂഹവും തമ്മിൽ രൂപപ്പെട്ട സംഘർഷം വേദനാജനകവും അനഭലഷണീയവുമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കത്തിന്‍റെ പൂർണ രൂപം:

ബഹു. ചീഫ് ജസ്റ്റിസ്,
കേരള ഹൈകോടതി

സവിശേഷമായ സാഹചര്യത്തിലാണ് നിയമസഭാ സ്പീക്കർ എന്ന നിലയിൽ താങ്കൾക്ക് ഈ കത്തെഴുതുന്നത്. ജുഡീഷ്യറിയുടെ സ്വതന്ത്രമായ നിലനിൽപും നിയമവാഴ്ചയും ജനാധിപത്യ ക്രമത്തിന്‍റെ അർഥപൂർണമായ നിലനിൽപിനും വികാസത്തിനും അത്യന്താപേക്ഷിതമാണ്. പരസ്പര ബഹുമാനത്തോടെ സ്വതന്ത്രമായി വർത്തിക്കുന്ന ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ലേചർ എന്നീ അടിസ്ഥാന ശിലകളിലാണ് നാം നമ്മുടെ ജനാധിപത്യക്രമം നിർമിച്ചിട്ടുള്ളത്. ഇവയോടൊപ്പം സ്വതന്ത്ര മീഡിയ എന്ന നാലാം തൂൺ ജനങ്ങളുടെ ജിഹ്വയായി വർത്തിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്ൾ 19(1) അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള അവകാശം ഉറപ്പുനൽകുന്ന മൗലികവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി വ്യവഹരിക്കപ്പെടുന്നുണ്ട്. അറിയാനും അറിയിക്കാനുമുള്ള അവകാശം ഒരു അനുഭവമായി നിലനിൽക്കുമ്പോഴേ ജനാധിപത്യം പുഷ്കലമാകൂ എന്ന് ഞാൻ കരുതുന്നു. സ്വതന്ത്രമായ മീഡിയയാണ് ഇതിനാവശ്യം സ്വതന്ത്രമായ മീഡിയ പ്രവർത്തനത്തിനുള്ള നിയമപരവും സാമൂഹ്യവുമായ സാഹചര്യം ഒരുക്കേണ്ടത് എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേചർ ത്രയത്തിന്‍റെ ഉത്തരവാദിത്വമാണ്. പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ 2010ൽ മീഡിയ പ്രവർത്തനത്തിന് സുവ്യക്തമായ മാനദണ്ഡങ്ങളും ലക്ഷ്യങ്ങളും നിർണയിച്ചിട്ടുണ്ട്. ഇതുപ്രകാരം പൊതുജന താൽപര്യമുള്ള വാർത്തകൾ, വീക്ഷണങ്ങൾ, അഭിപ്രായങ്ങൾ, വിവരങ്ങൾ മുതലായവ സത്യസന്ധമായും കൃത്യതയോടെയും മാന്യമായ വിധത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണം.

സമീപ കാലത്തെ മാധ്യമപ്രവർത്തകരും അഭിഭാഷക സമൂഹവും തമ്മിൽ രൂപപ്പെട്ട സംഘർഷം വേദനാജനകവും അനഭലഷണീയവുമാണ്. ഇതിന്‍റെ ഭാഗമായി വിധികൾ, മറ്റ് കോടതി നടപടികൾ, കോടതിയും കേസുമായും ബന്ധപ്പെട്ട വാർത്തകൾ എന്നിവ കോടതികളിൽ നിന്ന് സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം മാധ്യമ പ്രവർത്തകർക്കുണ്ട്. കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്‍റെ നിഷേധമാണ്. മുഖ്യമന്ത്രിയുടെ രണ്ട് ഇടപെടലുകളും ഫലം കണ്ടില്ല എന്നത് ഗൗരവതരമായി പരിഗണിക്കേണ്ട വിഷയമാണ്. ബഹുമാനപ്പെട്ട രാഷ്ട്രപതിയും ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ചർച്ച ചെയ്തിട്ടും ഹൈകോടതി രജിസ്ട്രാർ പ്രശ്നപരിഹാരത്തിന് ഇടപെടലുകൾ നടത്തിയിട്ടും തുടരുന്ന സംഘർഷം ആശാസ്യമല്ല. അർഥപൂർണമായ ചർച്ചകൾക്കും ഇടപെടലുകൾക്കും ശേഷവും കോടതിയിൽ സംഘർഷം തുടരുന്നുവെന്ന അവസ്ഥ ഒരു സാഹചര്യത്തിലും നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിന് ഭൂഷണമല്ല. സമൂഹത്തിലെ ഏറ്റവും മാന്യമായ പ്രൊഫഷനുകളാണ് മാധ്യമപ്രവർത്തനവും അഭിഭാഷകവൃത്തിയും. ഈ വിഭാഗങ്ങൾ തമ്മിലുള്ള അമാന്യമായ ബന്ധങ്ങൾ അതിരുവിട്ടിരിക്കുന്ന കാര്യം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

കോടതിയിൽ ജനങ്ങളുമായി ജൈവബന്ധം പുലർത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. അതേസമയം, കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുമ്പോൾ സ്വാഭാവികമായി ഉണ്ടാകേണ്ട കൈയടക്കം മാധ്യമപ്രവർത്തകരും കാണിക്കണം. കോടതിയിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകർക്ക് സ്വതന്ത്രമായും നിർഭയമായും പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം. മീഡിയ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഒരു ജനാധിപത്യ ക്രമത്തിൽ ഇതൊരിക്കലും സംഭവിച്ചുകൂടാ. ഈ സാഹചര്യത്തിൽ താങ്കളുടെ സവിശേഷമായ ശ്രദ്ധയും പരിഗണനയും ഈ വിഷയത്തിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ കേരളത്തിലെ ജുഡീഷ്യൽ സമൂഹത്തിന്‍റെ നേതൃത്വത്തിലിരിക്കുന്ന, അങ്ങയുടെ ക്രിയാത്മക ഇടപെടൽ പ്രതീക്ഷിക്കുന്നു. നിയമനിർമാണ സഭയുടെ പ്രതിനിധി എന്ന നിലയിലും ഈ ഇടപെടൽ ആഗ്രഹിക്കുന്നതായി താങ്കളെ അറിയിക്കുന്നു.
ആദരപൂർവം,
പി. ശ്രീരാമകൃഷ്ണൻ

Tags:    
News Summary - kerala assembly speaker wrote to letter to high court to solve media ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.