'ഷാഫി അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കും, എല്ലാം ജനങ്ങൾ കാണുന്നുണ്ട്'; അസാധാരണ പരാമർശവുമായി സ്പീക്കർ

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം കനക്കവെ അസാധാരണ പരാമർശവുമായി സ്പീക്കർ എ.എൻ. ഷംസീർ. സഭയിൽ ബാനർ ഉയർത്തി പ്രതിഷേധിച്ചപ്പോഴായിരുന്നു സംഭവം. പ്രതിപക്ഷ എം.എൽ.എമാരെ പേരെടുത്ത് വിളിച്ചായിരുന്നു സ്പീക്കറുടെ പരാമർശം. ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നും സ്പീക്കർ പറഞ്ഞു.

'മുഖം മറക്കുന്ന രീതിയിൽ ബാനർ പിടിക്കരുത്. ഇത് ജനങ്ങൾ കാണുന്നുണ്ടെന്ന ബോധ്യമുണ്ടാകണം. ശ്രീ മഹേഷ് കരുനാഗപ്പള്ളിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. ശ്രീ റോജി ജോൺ അങ്കമാലിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. വിനോദ് ഇതൊക്കെ എറണാകുളത്തെ ജനങ്ങൾ കാണുന്നുണ്ട്. നിങ്ങൾക്ക് തന്നെയാണ് മോശം. ചെറിയ മാർജിനിൽ ജയിച്ചവരാണ്. ജനങ്ങൾ കാണുന്നുണ്ട് ഇതൊക്കെ. ഇനിയും ഇവിടെ വരേണ്ടതാണ്. വെറുതെ ഇമേജ് മോശമാക്കരുത്. ഷാഫി അടുത്ത തവണ തോൽക്കും, അവിടെ തോൽക്കും' -സ്പീക്കർ പറഞ്ഞു.

കൊച്ചി കോർപ്പറേഷനിലെ വനിതാ കൗൺസിലർക്കെതിരായ പൊലീസ് നടപടിയും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോൺ എം.എൽ.എയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മീഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി.

മുതിർന്ന നേതാക്കളെ വരെ ക്രൂരമായി മർദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് സതീശൻ കുറ്റപ്പെടുത്തിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പരാമർശവുമായി സ്പീക്കർ രംഗത്തെത്തിയത്.

Tags:    
News Summary - kerala assembly updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.