തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ പ്രതിപക്ഷത്തിന് ദു:ഖമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് മന്ത്രി പി. രാജീവ്. നിയമസഭയിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പരിഹാസം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്കരിച്ചിരുന്നു.
നാടാകെ ഒന്നിച്ച് നിൽക്കേണ്ട ഒരു സാഹചര്യത്തിൽ പ്രതിപക്ഷം ഇപ്പോൾ സ്വീകരിക്കുന്ന നിലപാടിന് കേരളം ഒരിക്കലും മാപ്പ് നൽകില്ലെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഇന്ന് അസാധാരണമായ ഒരു രീതിയാണ് പ്രതിപക്ഷം സ്വീകരിച്ചത്. തീ അണഞ്ഞത് അവരെ വല്ലാതെ ദു:ഖിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്നുവെന്നാണ് തോന്നുന്നത്. എല്ലാവരും ചേർന്ന് നടത്തിയ പരിശ്രമത്തിന്‍റെ ഭാഗമായി തീ അണക്കാൻ കഴിഞ്ഞെന്നത് അഭിമാനകരമായ നേട്ടമാണ്.
മാലിന്യത്തിന് തീപിടിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്ത് തീയണയ്ക്കുമ്പോൾ അതിൽ പങ്കെടുത്തവരെ അഭിനന്ദിക്കുന്ന നിലപാടായിരുന്നു ഇന്ന് സഭയിൽ പ്രതിപക്ഷം സ്വീകരിക്കേണ്ടിയിരുന്നത്. അതിന് പകരം ഇത്തരത്തിലുള്ള രീതി സ്വീകരിച്ചത് തെറ്റാണ് -പി. രാജീവ് പറഞ്ഞു.
കൊച്ചി കോർപ്പറേഷനിലെ വനിതാ കൗൺസിലർക്കെതിരായ പൊലീസ് നടപടിയും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അനുമതി നൽകാത്തതിനെ തുടർന്ന് സമാന്തരമായി അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.