തൃശൂർ: തൊഴിൽ അന്വേഷകരിൽനിന്ന് യുവാക്കളെ തൊഴിൽ ദാതാക്കളാക്കുകയെന്ന ലക്ഷ്യമിട്ട് സംസ്ഥാന സർക്കാറിെൻറ വ്യവസായ നയത്തിെൻറ കരട് തയാറായി. നിലവിലെ വ്യവസായ നയത്തിൽനിന്ന് കാതലായ മാറ്റങ്ങൾ നിർദേശിക്കുന്ന നയം യുവ വ്യവസായ സംരംഭകരെ വാർത്തെടുക്കുന്നതിനാണ് ഉൗന്നൽ നൽകുന്നത്. പ്രകൃതിക്ക് ദോഷമുണ്ടാകാെത നിയന്ത്രിത തോതിൽ വൈദ്യുതി ഉപയോഗിച്ച് കൂടുതൽ പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
വ്യവസായ, കരകൗശല മേഖലകളിൽ വളർച്ചക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് നയം. വിവിധ തലങ്ങളിൽനിന്ന് അനുമതി ലഭിക്കുന്നതിലെ കാലതാമസമാണ് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ തടസ്സമെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിൽ, അത്തരം സാഹചര്യം പരമാവധി ഒഴിവാക്കാൻ നയം ലക്ഷ്യമിടുന്നു. അനുമതി ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ വിവര സാേങ്കതിക വിദ്യയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ നിർദേശിക്കുന്നു. പദ്ധതികൾ ആരംഭിക്കാനുള്ള അനുമതികളും ക്ലിയറൻസും ഒാൺലൈനാക്കും.
നിക്ഷേപക സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ കൂടുതലായി വ്യവസായ രംഗത്തേക്ക് ആകർഷിക്കും. വ്യവസായം ആരംഭിക്കാൻ ഭൂമി അനുവദിക്കാനുള്ള അലോട്ട്മെൻറ് പോളിസി, നിക്ഷേപക സൗഹൃദ എക്സിറ്റ് പോളിസി, വിദ്യാർഥി, യുവ, വനിതാ സംരംഭകർക്ക് പ്രോത്സാഹനം, പാരമ്പര്യ വ്യവസായങ്ങൾക്ക് പ്രത്യേക പദ്ധതികൾ, ലൈഫ് സയൻസ്, ഭക്ഷ്യസംസ്കരണം, ഫാർമസ്യൂട്ടിക്കൽസ് മേഖലകൾക്ക് കൂടുതൽ ഉൗന്നൽ എന്നിവയാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.