ബന്ധുനിയമനം: സഭയില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: ബന്ധുനിയമന വിവാദമുയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ.പി. ജയരാജന്‍െറ രാജിക്കുപിന്നാലേ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും യു.ഡി.എഫിനൊപ്പം കേരള കോണ്‍ഗ്രസ്-എം ഇറങ്ങിപ്പോയില്ല. ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ സംസാരിക്കാനും   തയാറായില്ല. ഇരുപക്ഷത്ത് നിന്നും ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്ന സഭ പലപ്പോഴും ബഹളത്തില്‍ മുങ്ങി. ബന്ധുനിയമനത്തിനുപുറമെ റബറിന്‍െറ വിലത്തകര്‍ച്ച ഉന്നയിച്ച് കെ.എം. മാണിയും അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. യു.ഡി.എഫിന്‍േറതാണ് സ്പീക്കര്‍ പരിഗണിച്ചത്.
 വ്യവസായത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് മാഫിയ തനിക്കെതിരെ തിരിഞ്ഞെന്നും മാധ്യമങ്ങള്‍ക്ക് പണം നല്‍കി പ്രചാരണം നടത്തിയെന്നും ജയരാജന്‍ നല്‍കിയ വിശദീകരണത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ  ആരോപണങ്ങളൊന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുപിടിച്ചില്ല. എല്ലാ നിയമനങ്ങളും ചട്ടപ്രകാരമാണെന്ന ജയരാജന്‍െറയും അദ്ദേഹം തെറ്റ് സമ്മതിച്ചെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെയും പരാമര്‍ശങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചു.
വ്യവസായവകുപ്പിലെ നിയമനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ ഫയലുകളും സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിരുന്നെന്നതിന് തെളിവുണ്ട്. അതിനാല്‍ അദ്ദേഹത്തെകൂടി ഉള്‍പ്പെടുത്തി കേസ് അന്വേഷിക്കണം. ജയരാജന്‍ നല്ല ചിറ്റപ്പന്‍െറ ജോലിയാണ് ചെയ്തത്. അകത്തും പുറത്തുമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ജയരാജന്‍െറ ആരോപണം. അതാരാണെന്ന് പറയണം. നിയമനങ്ങള്‍ക്കുപിന്നിലെ  കഥകള്‍ പുറത്തുവരാതിരിക്കാനാണ് രാജിവെക്കാന്‍ നിര്‍ദേശിച്ചതെന്ന് പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി. സതീശന്‍ ആരോപിച്ചു. റിയാബ് 18പേരെ ശിപാര്‍ശചെയ്തിട്ട് ആറുപേരെയാണ് നിയമിച്ചത്. ബാക്കി സ്വന്തക്കാരെ നിയമിക്കുകയായിരുന്നു. വിജിലന്‍സ് അന്വേഷിച്ചശേഷമേ നിയമനം പാടുള്ളൂവെന്ന് വ്യവസ്ഥയുള്ളതിനാല്‍ ആ വകുപ്പിന്‍െറ ചുമതലയുള്ള  മുഖ്യമന്ത്രി അറിഞ്ഞില്ളെന്ന് വിശ്വസിക്കാനാവില്ല. ഇതിന് കൂട്ടുനിന്നതും അഴിമതിയുടെ കണക്കില്‍ വരും. 80,000 രൂപക്ക് മുകളില്‍ ശമ്പളമുള്ള നിയമനങ്ങള്‍ മന്ത്രിസഭയുടെ പരിഗണനക്ക് വരണം. നിയമവും ചട്ടവും കാറ്റില്‍പറത്തിയിട്ടും മൗനംപാലിക്കുന്ന മുഖ്യമന്ത്രി കുറ്റക്കാരനാണെന്നും അദ്ദേഹം ആരോപിച്ചു.
Tags:    
News Summary - kerala assemply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.