പാലക്കാട്: തിങ്കളാഴ്ച ഉച്ചവരെ സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്ക് ശാഖകളും അടച്ചിട്ട് കേരള ബാങ്ക് രൂപവത്കരണാഘോഷത്തില് പങ്കെടുക്കാൻ നിര്‍ദേശം. തിങ്കളാഴ്ച ജില്ലതലത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയിലും ഘോഷയാത്രയിലും പ്രാഥമിക സഹകരണ ബാങ്ക് ഉദ്യോഗസ്ഥരും സഹകാരികളും നിർബന്ധമായും പങ്കെടുക്കണമെന്ന് സഹകരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ വാക്കാൽ നിര്‍ദേശം നൽകി. ഉച്ചവരെ ബാങ്കുകള്‍ അടച്ചിട്ട് ജീവനക്കാര്‍ ആസ്ഥാനത്ത് എത്തണമെന്നാണ് നിര്‍ദേശം. ഘോഷയാത്രയില്‍ പുരുഷന്മാര് വെള്ളവസ്ത്രവും സ്ത്രീകള്‍ സെറ്റ് സാരിയും ധരിക്കണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ആഘോഷം പൊടിപൊടിക്കാൻ സര്‍ക്കാറും സഹകരണ വകുപ്പും ഒരുങ്ങുന്നത്.
സഹകാരികളും സഹകരണ വകുപ്പ് ജീവനക്കാരും നിര്‍ബന്ധമായും പരിപാടികളില്‍ പങ്കെടുക്കണമെന്ന് കാണിച്ച് ഡിസംബർ മൂന്നിന് സഹകരണ രജിസ്ട്രാര്‍ സര്‍ക്കുലർ ഇറക്കിയിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന സഹകാരി ബഹുജന കൂട്ടായ്മക്ക് ജില്ല സഹകരണ ബാങ്കുകള്‍ ബസിൽ ആളുകളെ എത്തിക്കണമെന്നും തൃശൂര്‍ വരെയുള്ള ബാങ്കുകൾ 10 പേരെ വീതവും പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ബാങ്കുകള്‍ രണ്ടുപേരെ വീതവും പങ്കെടുപ്പിക്കണമെന്നും സര്‍ക്കുലറിൽ നിർദേശിച്ചിരുന്നു. ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു.
ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച നടക്കുന്ന ജില്ലതല ആഘോഷത്തിന് ബാങ്കുകൾ അടച്ചിട്ട് എത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ആഘോഷം പൊലിപ്പിക്കാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശമാണ് കഴിഞ്ഞദിവസം സഹകരണ വകുപ്പ് രജിസ്ട്രാര്‍ സര്‍ക്കുലറിലൂടെ നല്‍കിയത്. ഇതിനുപുറമെയാണ് വാക്കാൽ നിര്‍ദേശം. പ്രാഥമിക സഹകരണ ബാങ്കുകൾ തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ കേരള ബാങ്കിനുവേണ്ടി 10 വീതം ബോര്‍ഡ് വെക്കണം. എല്ലാ സഹകരണ ബാങ്കുകളും പ്രധാന ഓഫിസുകളും ‘ഞങ്ങള്‍ കേരള ബാങ്കിൽ’ എന്നെഴുതിയ സ്റ്റിക്കര്‍ പതിക്കണം. എല്ലാ ജില്ല ആസ്ഥാനത്തും ഹോര്‍ഡിങ്, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.
ഇനി സംസ്ഥാന സഹകരണ ബാങ്ക്
പാലക്കാട്: കേരള ബാങ്ക് രൂപവത്കരിക്കുന്നതുവരെ ജില്ല ബാങ്കുകൾ അറിയപ്പെടുക സംസ്ഥാന സഹകരണ ബാങ്ക് എന്ന പേരിലായിരിക്കും. അക്കൗണ്ട് ഉടമകൾക്കുള്ള സേവനങ്ങളിലും ഇടപാടുകളിലും ഒരു മാറ്റവും ഉണ്ടാവില്ല. ജില്ല ബാങ്ക് ആസ്ഥാനങ്ങളിലെയും ശാഖകളിലേയും ബോർഡുകൾ സംസ്ഥാന സഹകരണ ബാങ്ക് എന്നാക്കി മാറ്റി തുടങ്ങി. കേരള ബാങ്ക് രൂപവത്കരണത്തിെൻറ മുഴുവൻ നടപടിക്രമവും പൂർത്തീകരിക്കുംവരെ ഇൗ പേരിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.