തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവെ, ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വിഭവസമാഹരണത്തിന് കടുത്ത നടപടികൾ വന്നേക്കും. കേന്ദ്രത്തിൽനിന്ന് ലഭിച്ചിരുന്ന പണത്തിൽ കുറവ് വന്നതും ബജറ്റിന് പുറത്തുള്ള കടമെടുപ്പിന് തടസ്സം നിൽക്കുന്നതും ട്രഷറിയെ ഞെരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് അധികാരമുള്ള നികുതികളിലും നികുതിയേതര വരുമാനങ്ങളിലും മാറ്റംവരുത്തി അധിക വിഭവ സമാഹരണ നടപടികൾ പ്രതീക്ഷിക്കുന്നു. ഏറെ നാളായി നിലനിൽക്കുന്ന ഫീസുകളും മറ്റും വർധിപ്പിച്ചേക്കും.
ട്രഷറി വകുപ്പിൽ അടുത്തിടെ ഫീസുകൾ പത്തിരട്ടി വരെ വർധിപ്പിച്ചിരുന്നു. പ്രഫഷനൽ ടാക്സ് വർധനയുണ്ടാകുമെന്ന സൂചന ധനമന്ത്രി തന്നെ കഴിഞ്ഞദിവസം നൽകിയിരുന്നു. കഴിഞ്ഞ ബജറ്റിൽ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും (10 ശതമാനം) വർധിപ്പിച്ചിരുന്നു. ന്യായവില വിപണി മൂല്യം അടിസ്ഥാനമാക്കാൻ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ കൂടി വെളിച്ചത്തിൽ അടിസ്ഥാന ന്യായവിലയിൽ മാറ്റം വരുത്തിയേക്കും.
602 കോടിയുടെ അധിക വിഭവ സമാഹരണത്തിനാണ് കഴിഞ്ഞ ബജറ്റ് നിർദേശിച്ചിരുന്നത്. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ രണ്ട് വിദഗ്ധ സമിതികൾ സർക്കാർ രൂപവത്കരിച്ചിരുന്നു. ഇതിൽ ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ വലിയൊരു ഭാഗം നടപ്പാക്കി. എന്നാൽ, വരുമാന വർധനക്കുള്ള നിർദേശങ്ങൾ സർക്കാർ പിന്നീട് പരിഗണിക്കാൻ മാറ്റി. കോവിഡ് സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രത്യാഘാതം പരിഗണിച്ചായിരുന്നു ഇത്. എക്സ്പെന്ഡിച്വർ റിവ്യൂ കമ്മിറ്റിയും വരുമാന വർധനക്ക് നിരവധി നിർദേശങ്ങൾ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ധനമന്ത്രി വിവിധ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തിവരികയാണ്.
തെരഞ്ഞെടുപ്പില്ലാ വർഷം: കടുത്ത നടപടിക്ക് സാധ്യത
കടുത്ത സാമ്പത്തിക തീരുമാനങ്ങൾക്ക് രാഷ്ട്രീയമായി ഏറ്റവും അനുയോജ്യമായ വർഷം ഇതാണെന്നാണ് സർക്കാർ കണക്കാക്കുന്നത്. കോവിഡ് ഭീഷണിയുണ്ടായിരുന്നതിനാൽ വ്യാപക നികുതി വർധനയിലേക്ക് മുൻ വർഷങ്ങളിൽ സർക്കാറിന് പോകാൻ കഴിഞ്ഞിരുന്നില്ല. ഇക്കൊല്ലം പൊതുതെരഞ്ഞെടുപ്പുകളൊന്നും വരാനില്ല. 2024 ലോക്സഭ തെരഞ്ഞെടുപ്പ് വർഷമാണ്.
ബജറ്റ് അവതരിപ്പിച്ചയുടൻ ഏപ്രിൽ-മേയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പുണ്ടാകുക. 2025 അവസാനം തദ്ദേശ പൊതുതെരഞ്ഞെടുപ്പും 2026ൽ നിയമസഭ തെരഞ്ഞെടുപ്പുമാണ്. അത്തരം വർഷങ്ങളിൽ കൈയടി പ്രഖ്യാപനങ്ങൾക്കാകും ഊന്നൽ.
ശാസ്ത്രീയ നികുതി പിരിവിന് ഊന്നൽ
ജി.എസ്.ടി വകുപ്പ് പുനഃസംഘടനയുടെ സാഹചര്യത്തിൽ ശാസ്ത്രീയ നടപടികളിലൂടെ നികുതി കൂടുതൽ പിരിക്കാൻ നടപടി വരും. നികുതി ചോർച്ച ശാസ്ത്രീയമായി വകുപ്പ് വിലയിരുത്തിവരുകയാണ്. പെൻഷൻ പ്രായം വർധിപ്പിക്കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകൾ ഉയർത്തുന്നുണ്ട്. ഒന്നര ലക്ഷത്തോളം ജീവനക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കുകീഴിലാണ്. ഇവരുടെ പെൻഷൻ പ്രായം 60 വയസ്സാണ്. സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളവരുടെ വിരമിക്കൽ പ്രായം ഉയർത്തിയാൽ താൽക്കാലിക നേട്ടമാകുമെങ്കിലും വിരമിക്കൽ ആനുകൂല്യവും പെൻഷൻ ബാധ്യതയും ഉയർന്നതാകുമെന്ന അഭിപ്രായവും സർക്കാറിന് മുന്നിലുണ്ട്. യുവജന സംഘടനകളിൽനിന്ന് രൂക്ഷമായ എതിർപ്പും നേരിടേണ്ടിവരും. എന്നാൽ, പെൻഷൻ പ്രായം ഉയർത്തുന്ന വർഷങ്ങളിൽ ട്രഷറിക്ക് ആശ്വാസമാകും. പങ്കാളിത്ത പെൻഷൻ അവസാനിപ്പിക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിലും സർക്കാർ മെല്ലെപ്പോക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.