കൊച്ചി: സംസ്ഥാനത്ത് പൊതുവെ വേനൽമഴയിലുണ്ടായ വർധന കൊടുംവരൾച്ച തടയുമെന്ന് പ്ര തീക്ഷ. ഏപ്രിലിൽ ചൂട് വരൾച്ചയെ സ്വാധീനിക്കുമെങ്കിലും മുൻവർഷത്തെ സ്ഥിതിയിലേക്ക് കാ ര്യങ്ങൾ പോകില്ലെന്നാണ് കരുതപ്പെടുന്നത്. മേയിൽ കൂടുതൽ മഴ ലഭിക്കാനും കാലവർഷം നേര ത്തേ എത്താനുമുള്ള സാധ്യതയാണ് പൊതുവേ പ്രവചിക്കുന്നത്. കൃത്യമായ ഇടവേളകളിൽ മഴ ലഭിക്കുന്നതും നല്ല സൂചനയാണ്.
29 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേനൽമഴയാണ് 2019 മാർച്ച് മുതൽ മേയ് വരെ ലഭിച്ചത്. മാർച്ചിൽ ലഭിക്കേണ്ട 32.7 മില്ലിമീറ്റർ മഴയിൽ അന്ന് ആകെ കിട്ടിയത് 29.2 മില്ലിമീറ്റർ മാത്രമായിരുന്നു. എന്നാൽ, ഇത്തവണ ബുധനാഴ്ചവരെയുള്ള കണക്കനുസരിച്ച് ശരാശരിയെക്കാൾ 60 ശതമാനം കൂടുതൽ മഴ പെയ്തു; 39.5 ശതമാനം. മൺസൂണിനു തുല്യമായ രീതിയിൽ 83 മില്ലിമീറ്റർ മഴയാണ് കോന്നിയിലുണ്ടായത്.
പീരുമേട്, ഇടുക്കിയുടെ മറ്റ് ചില പ്രദേശങ്ങൾ, എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെ കണക്കുകളും പ്രതീക്ഷയുടേതാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ പറയുന്നു. അതേസമയം കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ വളരെക്കുറവാണ് ലഭിച്ചത്. ഏപ്രിലിൽ ഈ ജില്ലകളിലെ വരൾച്ചയുടെ തോത് താരതമ്യേന കൂടുതലായിരിക്കും.
വേനൽമഴയിലെ വർധന കൊടുംവരൾച്ചയിൽനിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തുമെന്നാണ് മനസ്സിലാക്കുന്നതെന്ന് കാലാവസ്ഥ ഗവേഷകനായ രാജീവ് എരിക്കുളം ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, പകൽ ചൂട് പലയിടങ്ങളിലും വർധിക്കുകയാണ്. ഏപ്രിൽ അവസാനിക്കുന്നതുവരെ മധ്യ-തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ കൂടുതൽ ചൂട് അനുഭവപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.