തിരുവനന്തപുരം: ഒരു സെക്കൻഡ് പോലും മുഖ്യമന്ത്രി പിണറായി വിജയന് മുഖം നൽകാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനത്തിനായി സഭയിലെത്തിയ ഗവർണറെ സ്വീകരിച്ചു മുഖ്യമന്ത്രി ബൊക്ക നൽകിയപ്പോൾ പോലും ഇരുവരും മുഖത്തേക്ക് നോക്കിയില്ല. ഹസ്തദാനം ഉണ്ടായതുമില്ല. ഗവർണറെ സഭയിലേക്ക് ആനയിക്കുമ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ഒന്നര മിനിറ്റിൽ താഴെ നീണ്ട പ്രസംഗം പൂർത്തിയാക്കി പ്രതിപക്ഷ നിരക്ക് മുന്നിലൂടെ ഗവർണർ കടന്നുപോകുമ്പോൾ അനുഗമിക്കാൻ വീണ്ടും മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനുമുണ്ടായിരുന്നു.
മുഖത്ത് ഭാവമാറ്റങ്ങളൊന്നുമില്ലാതെയും ആരോടും സംസാരിക്കാതെയും സഭയിൽനിന്ന് പുറത്തിറങ്ങി ഔദ്യോഗിക വാഹനത്തിൽ കയറുമ്പോഴും സംസ്ഥാനത്തിന്റെ ഭരണഘടന തലവനായ ഗവർണറും സർക്കാറിന്റെ തലവനായ മുഖ്യമന്ത്രിയും പരസ്പരം അഭിവാദ്യം ചെയ്തതുമില്ല. സർക്കാറും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പാരമ്യം വ്യക്തമാക്കുന്ന രംഗങ്ങളാണ് വ്യാഴാഴ്ച രാവിലെ നിയമസഭ ദർശിച്ചത്.
സർവകലാശാലകളിലെ വി.സി നിയമനത്തിൽ തുടങ്ങിയ സർക്കാർ-ഗവർണർ ഉടക്ക് പിന്നീട് ബില്ലുകളിൽ ഒപ്പിടാതെ തടഞ്ഞുവെക്കുന്നതിൽ എത്തി. വാർത്തസമ്മേളനം വിളിച്ച് ഗവർണറും മുഖ്യമന്ത്രിയും പരസ്യവിമർശനവും നടത്തി. ഒടുവിൽ ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയിലെത്തിയപ്പോൾ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടാണ് ഗവർണർ തിരിച്ചടിച്ചത്.
സർവകലാശാല സെനറ്റുകളിലേക്ക് സംഘ്പരിവാർ അനുകൂലികളെ നാമനിർദേശം ചെയ്ത ഗവർണർക്കെതിരെ എസ്.എഫ്.ഐ സമരത്തിനിറങ്ങിയപ്പോൾ പിന്നിൽ മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്രയയക്കാനും എത്തിയപ്പോഴും ഇരുവരും അകന്നുതന്നെയായിരുന്നു. ഡിസംബർ 29ന് കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനിൽ നടന്നപ്പോഴും ഗവർണറും മുഖ്യമന്ത്രിയും പരസ്പരം സംസാരിച്ചിരുന്നില്ല. അന്ന് രാജ്ഭവനിലെ ചായസൽക്കാരത്തിൽ പങ്കെടുക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത്. വെള്ളിയാഴ്ച രാജ്ഭവനിൽ റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ‘അറ്റ് ഹോം’ വിരുന്ന് പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുമോ എന്നതും ഇതോടെ നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.