കോഴിക്കോട്: 'എന്‍റെ കാര്യം നോക്കേണ്ട, അനിയനെ നോക്കണം. അവന് മരുന്ന് എത്തിക്കണം' എന്ന അഫ്രയുടെ നൊമ്പരമൂറുന്ന വാക്കുകൾ മലയാളികൾ കരുണയും കരുതലും ചാലിച്ച് ഹൃദയത്തിലേറ്റെടുത്തു. ഒരാഴ്ച കൊണ്ട് 18 കോടി രൂപ മുഹമ്മദ് എന്ന കുരുന്നിന്‍റെ ചികിത്സക്കായി ആ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് അതിന്‍റെ സാക്ഷ്യമായിരുന്നു. മനുഷ്യത്വവും സാഹോദര്യവും ദയാവായ്പും കൊണ്ട് കെട്ടിപ്പടുത്ത മലയാളത്തിന്‍റെ അസ്തിവാരത്തിന് നന്മയുടെ ഇളകാത്ത ഉറപ്പുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഏഴുദിനങ്ങൾ കൂടിയായിരുന്നു ഇത്.
മഹാമാരിയിൽ വൻ പ്രതിസന്ധിയുടെ നടുക്കയത്തിൽ നിൽക്കുേമ്പാഴും ആ ഒന്നര വയസ്സുകാരന് ചികിത്സക്ക് വേണ്ട 18 കോടി രൂപക്കായി കേരളം ഒരുമനസ്സാലെ കൈകോർക്കുകയായിരുന്നു. മകന്‍റെ ചികിത്സക്കായി എന്തു ചെയ്യണമെന്നറിയാതെ കണ്ണീർ വാർക്കുകയായിരുന്ന റഫീഖിനും മറിയുമ്മക്കും കരുത്തായി മുഹമ്മദിനോടുള്ള വാത്സല്യവും കരുണയും കേരളം നെഞ്ചേറ്റിയപ്പോൾ പിറന്നത് മാനവികതയുടെ മഹത്തായ പാഠം.
ഇത്രയും വലിയൊരു തുക ഏതു രീതിയിൽ സമാഹരിക്കുമെന്ന് ആശങ്കപ്പെട്ടുനിന്ന സാമൂഹിക പ്രവർത്തകരടക്കം മലയാളിയുടെ മനുഷ്യത്വത്തിനുമുന്നിൽ അതിശയം കൂറുകയാണ്. കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ നടത്തിയ കുടുംബം, കുഞ്ഞുമകന്‍റെ ദൈന്യതക്കുമുമ്പിൽ കരുണയുടെ ആയിരക്കണക്കിന് കരങ്ങൾ നീട്ടിയ നാടിനോടുള്ള നന്ദി പറഞ്ഞറിയിക്കാനാവുന്നതല്ലെന്ന് ആശ്വാസത്തോടെ പ്രതികരിക്കുന്നു. ഒരു രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ഈ കുരുന്നിന്‍റെ ചികിത്സക്ക് സംഭാവന നൽകിയവരുണ്ട്.
മാട്ടൂൽ ഗ്രാമവാസികൾ ജനകീയ കമ്മിറ്റി രൂപവത്കരിച്ചാണ് ധനസമാഹരണം ആരംഭിച്ചത്. ചികിത്സക്കായി 14 കോടി രൂപ അക്കൗണ്ടിലെത്തിയെന്ന് തിങ്കളാഴ്ച ഉച്ചയോടെ റിേപ്പാർട്ടുകൾ വന്ന് കേവലം നാലു മണിക്കൂറിനകമാണ് ബാക്കി നാലുകോടി രൂപ കൂടി ഒഴുകിയെത്തിയത്. അനിയന് മരുന്ന് എത്തിക്കാനുള്ള അഫ്രയുടെ നൊമ്പരമൂറുന്ന അപേക്ഷ മലയാളികൾ ഹൃദയത്തിലേറ്റുകയായിരുന്നു.
18 കോടി രൂപ വിലയുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നാണ് മുഹമ്മദിന്‍റെ ചികിത്സക്ക് വേണ്ടത്. അമേരിക്കയില്‍നിന്നാണ് മരുന്ന് ഇറക്കുമതി ചെയ്യേണ്ടത്. അപൂർവ ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന്‍റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തിൽ വീണ്ടുമെത്തിയത്. രണ്ട് വയസ്സിനുള്ളിൽ മരുന്ന് നൽകിയാൽ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ.
ഏറെനാളത്തെ ചികിത്സക്കു ശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകൾ അഫ്രക്ക് സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു. തുടർചികിത്സ മാത്രമാണ് ഇനി അഫ്രയ്ക്ക് നൽകാൻ കഴിയുക. എങ്കിലും അഫ്രയ്ക്കുള്ള ചികിത്സയും ഏറ്റെടുക്കുകയാണ് നാട്. അഫ്രയുടെ ഓപറേഷനും നടത്തുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിനുള്ള പണം കൂടി കണ്ടെത്തി ചികിത്സ ഉറപ്പുവരുത്തുമെന്നും ജനകീയ കമ്മിറ്റി വ്യക്തമാക്കുന്നു.
മരുന്ന് നൽകിയാൽ മുഹമ്മദ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. ഗൾഫിൽ എ.സി ടെക്നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ഇനി പ്രതീക്ഷയും പ്രാർഥനകളുമാണ്. ചികിത്സ ഫലവത്തായി മുഹമ്മദ് സുഖം പ്രാപിക്കുന്ന നല്ല നാളുകളിലേക്കാണ് കേരളക്കര ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.